‘സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെ’, മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാന്‍
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വീണ്ടും എതിര്‍പ്പ് പരസ്യമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നയപരവും നിയമപരവുമായി കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ ധരിപ്പിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നും, സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം അറിയേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പണ്ട് നാട്ടുരാജാക്കന്മാരുടെ മീതെ റഡിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് മീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം.
തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാത്തതടക്കം സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വലിയ ഭിന്നതയാണ് നിലനില്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണര്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയേക്കുമെന്നും വിവരമുണ്ട്.