പിണറായി സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങിയ പദ്ധതികളാണ് പ്രശംസ നേടിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍വത്കരണത്തെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും കരുത്തരാക്കിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു ഗവര്‍ണറുടെ പ്രശംസ. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശംസ ആരംഭിച്ചത്. നീതി ആയോഗിന്റെ ദേശീയ വിദ്യാഭ്യാസ സൂചികയില്‍ ഒന്നാമതെത്തിയതും ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളും എടുത്ത് പറഞ്ഞു.
കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഗവര്‍ണര്‍ എടുത്ത് പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍ കാമ്പെയിനും കൊവിഡ് കാലത്തെ ക്ഷേമ പ്രവര്‍ത്തനങ്ങളും കരുതലും ചൂണ്ടിക്കാട്ടി.