മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ആളുകളെ എടുക്കുന്നത് പാര്‍ട്ടി റിക്രൂട്ട്മെന്റ് വഴിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷനും ശമ്പവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട്. രാജ്ഭവനെ ആരും നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടെന്നും തനിക്ക് രാഷ്ട്രപതിയോട് മാത്രമാണ് ഉത്തരം പറയാന്‍ ബാധ്യതയെന്നും ഗവര്‍ണര്‍.
ഗവര്‍ണറുടെ വാക്കുകള്‍:
മന്ത്രിമാര്‍ക്ക് ഇരുപതിലേറെ സ്റ്റാഫുകള്‍ ഉണ്ട്. ഭരണഘടനാപരമായ ബാധ്യതയാണ് സര്‍ക്കാരിനെ ഉപദേശിക്കുക എന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫിനെ മന്ത്രിമാര്‍ മാറ്റുകയാണ്. പാര്‍ട്ടി കേഡര്‍മാരെ ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
രാജ്യത്ത് മറ്റൊരിടത്തും താല്‍ക്കാലികമായി പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ച് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതില്ലേ. ഭരണഘടനാ വിരുദ്ധമാണ് ഇത്. ഇക്കാര്യം വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ല. ജ്യോതിലാലിന്റെ സര്‍ക്കാര്‍ മാറ്റിയത് തന്റെ ആവശ്യപ്രകാരമല്ല.
കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണമാണ് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനായി ചെലവഴിക്കുന്നത്.