‘നയപ്രഖ്യാപനത്തില്‍ പൗരത്വം’; ഇടഞ്ഞ് ഗവര്‍ണര്‍; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചേക്കും
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമര്‍ശിച്ചതില്‍ ഗവര്‍ണര്‍ക്ക് പ്രതിഷേധം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് കഴിഞ്ഞ ദിവസമാണ് രാജ്ഭവന് കൈമാറിയത്. സുപ്രീംകോടതിയുടെ പരിഗണനിയിലുള്ള വിഷയം നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചേക്കും.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള പരാമര്‍ശം കോടതി അലക്ഷ്യമാകുമോയെന്ന കാര്യം രാജ്ഭവന്‍ പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കേണ്ടി വരും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നോട് ആലോചിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഇടഞ്ഞ് നില്‍ക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നുവെങ്കിലും രേഖാമൂലം മറുപടി നല്‍കിയിരുന്നില്ല. ചീഫ് സെക്രട്ടറി ടോംജോസ് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അതൃപ്തി പരസ്യമായി പറഞ്ഞിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ എതിര്‍പ്പ് ഉയര്‍ത്താനുള്ള സാധ്യത സര്‍ക്കാരും പ്രതീക്ഷിച്ചിരുന്നു. പ്രസംഗത്തില്‍ ഗവര്‍ണര്‍ തന്റെ നിലപാട് പറയുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. നിയമസഭയുടെ ബജറ്റ് സമ്മേളനം.