സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് ക്വാറികള്‍ കാരണമാകുന്നുണ്ടോ എന്ന് പഠിക്കാന്‍ സര്‍ക്കാര്‍. ഉരുള്‍പൊട്ടലിന് കാരണമെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
പരിശോധിക്കാന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പാരിസ്ഥിതിക സന്തുലിതാവസ്ഥ പരിഗണിച്ചും നിയമാനുസൃതമായ നടപടിയും പൂര്‍ത്തിയാക്കിയും മാത്രമേ സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നുള്ളൂ. സംസ്ഥാനത്ത് ലീസും പെര്‍മിറ്റും ഉള്ള ക്വാറികളുടെ എണ്ണം 604 ആയി ചുരുങ്ങിയെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
2010-11 കാലത്ത് 3104 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് ലീസും പെര്‍മിറ്റും ഉണ്ടായിരുന്നത്. ഇതില്‍ ഒരു വര്‍ഷത്തെ പെര്‍മിറ്റ് ഉണ്ടായിരുന്നത് 2584 ക്വാറികള്‍ക്കായിരുന്നു. എന്നാല്‍ 2020-21 ആവുമ്പോള്‍ ലീസും പെര്‍മിറ്റുമുള്ള ക്വാറികളുടെ എണ്ണം 604 ആയി ചുരുങ്ങിയിരിക്കുന്നു. ഇതില്‍ ജില്ലാതലത്തില്‍ പെര്‍മ്മിറ്റ് ഉള്ള ക്വാറികളുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2584 ക്വാറികളില്‍ നിന്ന് 95 ആയി കുറഞ്ഞിരിക്കുന്നു. പ്രളയത്തിന് മുന്‍പ് 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷം ശരാശരി 88 ക്വാറികള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ പ്രളയത്തിന് ശേഷം ഒരു വര്‍ഷം ശരാശരി 45 ക്വാറികള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
എല്ലാ അനുമതികളും എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റുകളുമുള്ള ക്വാറികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ അനുമതി നല്‍കുന്നുള്ളൂ. പാരിസ്ഥിതികാഘാത അതോറിറ്റിയുടെ നിരാക്ഷേപപത്രം, മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത്, എക്സ്പ്ലോസീവ് വിഭാഗം, മൈനിങ് ആന്‍ഡ് ജിയോളജി എന്നിവയുടെ അനുമതി ക്വാറികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തില്‍ നിയമാനുസൃതമായ നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും മന്ത്രി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനപ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഖനനപ്രവത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. അന്തിമ വിജ്ഞാപനം വരുന്ന മുറയ്ക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അഞ്ചു വര്‍ഷത്തിനകം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതിക്ക് ദോഷമില്ലാത്തവിധം ഖനനം നടത്താനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതായും മന്ത്രി അറിയിച്ചു.