കെജിഎഫ് വീണ്ടും സജീവമാകും; സ്വര്‍ണ്ണ ഖനനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി

കെജിഎഫ് വീണ്ടും സജീവമാകും; സ്വര്‍ണ്ണ ഖനനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി
Published on

കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണ്ണ ഖനിയില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണ ഖനനത്തിന് അരങ്ങൊരുങ്ങുന്നു. കെജിഎഫില്‍ നിന്ന് സ്വര്‍ണ്ണം ഖനനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഖനന കമ്പനിയായിരുന്ന ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് സ്വര്‍ണ്ണത്തിനായി കുഴിച്ചെടുത്ത മണ്ണില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനാണ് നീക്കം. സയനൈഡ് ചേര്‍ത്ത് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്ത ശേഷം ബാക്കിയായ ഈ മണ്ണില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം കിട്ടിയേക്കുമെന്നാണ് പ്രതീക്ഷ.

1003ലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന 13 ഖനികളിലായാണ് പദ്ധതി നടപ്പാക്കുക. 3.3 കോടി ടണ്‍ മണ്ണ് ഇവിടെ മാറ്റിയിട്ടിട്ടുണ്ട്. ഒരു ടണ്‍ മണ്ണില്‍ നിന്ന് ഒരു ഗ്രാം സ്വര്‍ണ്ണം ലഭിച്ചേക്കുമെന്ന് കരുതുന്നു. പൂട്ടിപ്പോയ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിന് ലഭിക്കാനുള്ള 75.24 കോടി രൂപയ്ക്ക് പകരമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 2330 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കര്‍ണാടക പാര്‍ലമെന്ററി കാര്യമന്ത്രി എച്ച്.കെ.പാട്ടീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മണ്ണില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനുള്ള പദ്ധതി പ്രദേശത്തെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അതുകൊണ്ടാണ് സ്വര്‍ണ്ണ ഖനനത്തിന് അനുമതി നല്‍കുന്നതെന്നും പാട്ടീല്‍ വ്യക്തമാക്കി.

ഖനി മന്ത്രാലയത്തിനു കീഴില്‍ 1972ലാണ് ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. കെജിഎഫിലായിരുന്നു ഇതിന്റെ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. 2001ല്‍ ഖനനം നിര്‍ത്തിയതോടെ കമ്പനിയും നഷ്ടത്തിലായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2015ലാണ് പഴയ ഖനികല്‍ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. 2020ല്‍ മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഭാരത് മൈന്‍സിന് കീഴിലുള്ള ഭൂമിയില്‍ ധാതു നിക്ഷേപങ്ങളുണ്ടോയെന്ന പഠനം ആരംഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in