വിജയ് ബാബു വിദേശത്തിരിക്കെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത് നിയമവിരുദ്ധം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വിജയ് ബാബു വിദേശത്തിരിക്കെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത് നിയമവിരുദ്ധം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Published on

ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് സര്‍ക്കാര്‍. വിജയ് ബാബു വിദേശത്ത് നിന്ന് നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയും ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി.

കേസില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷമാണ് പ്രതി വിദേശത്തേക്ക് കടന്നത്. ഒളിവില്‍ കഴിയുന്നതിനിടെ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയായതിനാല്‍ പരിഗണിക്കാന്‍ പാടില്ലായിരുന്നു. കോടതി ഹര്‍ജി പരിഗണിച്ച് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും പുറത്തിറക്കി. ഇത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കുവൈത്തിലേക്ക് കടന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ച കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കും.

കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളതിനാല്‍ റിമാന്‍ഡ് ചെയ്തിട്ടില്ല. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടില്‍ രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്.

ജാമ്യ വ്യവസ്ഥയനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുന്ന വിജയ് ബാബുവിന് ചോദ്യം ചെയ്യലിന് ശേഷം മടങ്ങാം. ജൂലൈ മൂന്ന് വരെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം.

കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ ആഡംബര ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതിന് വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടര്‍ന്നാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in