സ്വര്‍ണക്കടത്ത് കേസില്‍,ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന്ഹാജരാകണമെന്ന് കസ്റ്റംസ്. സ്വപ്‌നയെ ഫോണില്‍ വിളിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. വാക്കാലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈകാതെ നോട്ടീസ് നല്‍കുമെന്ന് അറിയുന്നു.ഈ ആഴ്ച തന്നെ കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്തുവെച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ ജൂലൈ അഞ്ചിന് കേസിലെ പ്രതി സ്വപ്‌ന സുരേഷും അനില്‍ നമ്പ്യാരും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ പലതവണ ഇവര്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ ഫോണ്‍ ലിസ്റ്റ് പുറത്തായതോടെയാണ് അനില്‍ നമ്പ്യാര്‍ വിളിച്ച കാര്യം വെളിപ്പെട്ടത്. ഇതിന് പിന്നാലെ സ്വപ്‌ന സുരേഷിനെ വിളിച്ചിരുന്നതായി അനില്‍ നമ്പ്യാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
നയതന്ത്ര ബാഗേജില്‍ യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം അറിയാനായിരുന്നു സ്വപ്നയെ വിളിച്ചത്. ദുബായിലുള്ള കോണ്‍സുല്‍ ജനറലിനെ വിളിച്ചതിന് ശേഷം സ്വപ്‌ന മറുപടി അറിയിച്ചുവെന്നുമായിരുന്നു അനില്‍ നമ്പ്യാരുടെ വിശദീകരണം. ഹോട്ടലില്‍ വെച്ച് കണ്ടതായി സ്വപ്ന കൊടുത്ത മൊഴി അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്. സ്വപ്നയെ കണ്ടിട്ടില്ലെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു.