‘ഗാന്ധിയെ കൊന്നില്ലായിരുന്നെങ്കില്‍’;  ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായത്  ‘ഗോഡ്‌സെ അമര്‍ രഹേ’വിദ്വേഷ ഹാഷ് ടാഗ് 

‘ഗാന്ധിയെ കൊന്നില്ലായിരുന്നെങ്കില്‍’; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായത് ‘ഗോഡ്‌സെ അമര്‍ രഹേ’വിദ്വേഷ ഹാഷ് ടാഗ് 

Published on

ഗാന്ധി ജയന്തി ദിനത്തില്‍ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിദ്വേഷ ട്വീറ്റുകള്‍. 'ഗോഡ്‌സെ അമര്‍ രഹേ' (ഗോഡ്‌സേയ്ക്ക് മരണമില്ല) എന്ന ട്വീറ്റ് വൈറലായതോടെ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഗാന്ധിജിയെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു എന്ന വിദ്വേഷ പരാമര്‍ശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.

'ഗാന്ധിജി കൊല്ലപ്പെട്ടത് നല്ലതിന്. രാഷ്ട്രീയക്കാര്‍ എന്ത് തന്നെ പറഞ്ഞാലും ഞങ്ങള്‍ ഗോഡ്‌സെയെ ആരാധിക്കുന്നു'. 'ഗാന്ധിജിയും നെഹ്‌റുവും രാജ്യദ്രോഹികളാണ്, ബോസ് സവര്‍ക്കര്‍ ഗോഡ്‌സെ എന്നിവരാണ് ദേശസ്‌നേഹികള്‍'. നാഥുറാം ഗോഡ്‌സെ ഒരാളെ മാത്രമാണ് കൊന്നത് പക്ഷേ ഇന്ത്യ വിഭജനത്തിന്റെ പേരില്‍ ഗാന്ധി 12 മില്ല്യണ്‍ ആളുകളെയാണ് കൊന്നത്. തുടങ്ങി വിഷലിപ്ത പ്രചരണമാണ് അരങ്ങേറിയത്.

'ഗോഡ്‌സെ ഗാന്ധിജിയെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു. പ്രത്യേക രാജ്യം വേണമെന്ന നിസാമിന്റെ ആവശ്യം അംഗീകരിച്ച ഗാന്ധി നിസാമിന് വേണ്ടി ഫെബ്രുവരി 2 മുതല്‍ സത്യാഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുമ്പാണ് ഗാന്ധിയെ ഗോഡ്‌സെ വെടിവെച്ചത്'. എന്നിങ്ങനെ തെറ്റിദ്ധാരണാ ജനകമായ ആരോപണങ്ങളാണ് സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. കൂടാതെ ട്രോളന്‍മാരും 'ഗോഡ്‌സെ അമര്‍ രഹേ' ക്ക് എതിരെ തിരിഞ്ഞതോടെ ട്വിറ്ററില്‍ ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തില്‍ ട്രെന്‍ഡിങില്‍ മുമ്പിലെത്തിയത് 'ഗോഡ്‌സെ അമര്‍ രഹേ' എന്ന ഹാഷ് ടാഗാണ്.

logo
The Cue
www.thecue.in