ഗോവ - കോഴിക്കോട് വന്ദേഭാരത് സർവീസ് കേന്ദ്രത്തിന്റെ പരിഗണയിൽ; ആഗസ്റ്റിൽ സർവീസ് ആരംഭിക്കും

ഗോവ - കോഴിക്കോട് വന്ദേഭാരത് സർവീസ് കേന്ദ്രത്തിന്റെ പരിഗണയിൽ; ആഗസ്റ്റിൽ സർവീസ് ആരംഭിക്കും
Published on

മഡ്ഗാവില്‍ നിന്ന് മംഗലാപുരത്തേക്ക് ആരംഭിച്ച വന്ദേ ഭാരത് സെമി-ഹൈസ്പീഡ് ട്രെയിന്‍ സർവീസ് കോഴിക്കോട്ടേക്ക് നീട്ടുന്നു. ആഗസ്റ്റിൽ ഗോവ - കോഴിക്കോട് വന്ദേ ഭാരത് സർവീസ് യാഥാർഥ്യമാകുമെന്ന് പി ടി ഉഷ എംപി അറിയിച്ചു. ഗോവൻ മലയാളി സമൂഹത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നത്. സർവീസ് നീട്ടുന്നത് കേന്ദ്രത്തിന്‍റെ സജീവ പരിഗണനയിലാണെന്നും ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയില്‍ അറിയിച്ചെന്നും പി ടി ഉഷ എംപി പറഞ്ഞു.

നേരത്തെ ഗോവ വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നത് കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടായിരുന്നു. സർവീസിന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെയാണ് കേരളത്തിലേക്ക് നീട്ടാൻ ആലോചന തുടങ്ങിയത്. രണ്ടാം മോദി സർക്കാരിന്‍റെ അവസാനകാലത്ത് കോഴിക്കോട് എംപി എംകെ രാഘവനോട് റെയിൽവേ മന്ത്രി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നീണ്ടുപോയ സർവീസിനാണ് ഇപ്പോൾ പച്ചക്കൊടി വീശിയിരിക്കുന്നത്.

ഗോവയ്‌ക്കും കര്‍ണാടകയ്‌ക്കുമിടയിലെ റെയില്‍വേ കണക്ടിവിറ്റി ശക്തമാക്കാന്‍ മഡ്ഗാവ് - മംഗലാപുരം സെമി-ഹൈസ്പീഡ് ട്രെയിന്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇത് കോഴിക്കോടേക്ക് എത്തുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് അതിവേഗത്തിൽ മംഗളൂരുവിലേക്ക് എത്തിച്ചേരാൻ സാധിക്കും.

എറണാകുളം–ബംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ജൂലൈ 31 മുതൽ സർ‌വീസ് ആരംഭിക്കും. ആഴ്‌ചയില്‍ മൂന്ന് ദിവസമാണ് ട്രെയിന്‍ സർവീസ് നടത്തുക. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിനായിട്ടാണ് സര്‍വീസ്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ഉൾപ്പടെ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഗുണകരമാകും. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബെംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍.

തിരുവനന്തപുരം – കാസര്‍കോട്, മംഗളൂരു – തിരുവനന്തപുരം റൂട്ടുകളിലാണ് രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. എറണാകുളം – ബെംഗളൂരു സര്‍വീസ് പ്രായോഗികമാണെന്ന് റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, സ്‌പെഷ്യല്‍ ട്രെയിന്‍ ആയി നടത്തുന്ന സർവീസിന് കാര്യമായ പിന്തുണ ലഭിക്കുകയാണെങ്കിൽ മാത്രമേ സ്ഥിരം സർവീസ് പരിഗണിക്കുകയുള്ളൂ എന്നാണ് റെയിൽവേയുടെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in