‘കൊറോണ ലോകത്തിന് വലിയ ഭീഷണി’, മുന്‍ വിലയിരുത്തല്‍ തെറ്റിയെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസിനാല്‍ ലോകം നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ വൈറസ് സംബന്ധിച്ചുള്ള മുന്‍ വിലയിരുത്തലില്‍ തെറ്റുപറ്റിയെന്നും ഡബ്ലുഎച്ച്ഒ തിങ്കളാഴ്ച വ്യക്തമാക്കി. ചൈനയില്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും, പ്രാദേശിക തലത്തില്‍ മാത്രമല്ല, ആഗോള തലത്തിലും കൊറോണ വൈറസ് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡബ്ലുഎച്ച്ഒ റിപ്പോര്‍ട്ട് പറയുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ചൈനയിലെത്തി.
ചൈനയിലെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയത്. ചൈനയില്‍ അടിയന്തര സാഹചര്യമുണ്ടെന്നും, എന്നാല്‍ ആഗോളവ്യാപകമായി അത്തരം സാഹചര്യമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട് പറഞ്ഞത്. നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലെ വിലയിരുത്തലുകളില്‍ തെറ്റുപറ്റിയെന്നാണ് തിങ്കളാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇതുവരെയുള്ള കണക്ക് പ്രകാരം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബീജിങില്‍ വൈറസ് ബാധ മൂലം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 32,799പേര്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തെത്തിയ 436 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 431 പേര്‍ വീടുകളിലും അഞ്ചുപേര്‍ ആശുപത്രികളിലുമായാണുള്ളത്. രോഗം സംശയിക്കുന്നവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.