കല്‍ബുര്‍ഗിയെയും ഗൗരിയെയും കൊന്നത് ഒരേ സംഘം; വധങ്ങള്‍ ഹിന്ദുത്വ ഭീകരസംഘടനയുടെ പുസ്തകപ്രകാരമെന്ന് കുറ്റപത്രം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗണേഷ് മിസ്‌കിന്‍ എന്ന വാടകക്കൊലയാളി തന്നെയാണ് സാഹിത്യകാരന്‍ ഡോ എംഎം കല്‍ബുര്‍ഗിയെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രം. കേസില്‍ പ്രത്യേക അനേഷണ സംഘം നാല് വര്‍ഷത്തിന് ശേഷം കുറ്റപത്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു.
2014 ല്‍ അന്ധവിശ്വാസരഹിതമായ സമൂഹം എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തിയതാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനുള്ള കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് മുന്‍പ് കല്‍ബുര്‍ഗിയുടെ വീടും പരിസരവും പ്രതികള്‍ നിരീക്ഷിക്കുകയും ദക്ഷിണ കന്നഡ ജില്ലയിലെ ഒരു റബ്ബര്‍ പ്ലാന്റേഷനില്‍ വെടിയുതിര്‍ത്ത് പരിശീലിക്കുകയും ചെയ്തു.
ഹിന്ദുത്വ ഭീകര സംഘടനയായ സനാതന്‍ സന്‍സ്തയുടെ ക്ഷേത്ര ധര്‍മ്മ സാധന എന്ന പുസ്തകത്തില്‍ പ്രതികളെല്ലാം വിശ്വസിച്ചിരുന്നു. ഈ പുസ്തക പ്രകാരം കല്‍ബുര്‍ഗി തിന്മയുടെ മനുഷ്യരൂപമാണെന്നായിരുന്നു പ്രതികളുടെ വാദം. തുടര്‍ന്ന് പ്രതികള്‍ അവരുടെ വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള ലക്ഷ്യം കാണാനായി ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു.
അമോല്‍കലെ, ഗണേഷ് മിസ്‌കിന്‍, പ്രവീണ്‍പ്രകാശ് ചാതുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലാസ്‌കര്‍, അമിത് ബഡ്ഡി എന്നിങ്ങനെ ആറുപേര്‍ക്കെതിരെയാണ് കുറ്റപത്രം. ഇതില്‍ പ്രവീണ്‍ ചാതുറും മിസ്‌കിനും മോഷ്ടിച്ച ബൈക്കില്‍ കല്‍ബുര്‍ഗിയുടെ വീട്ടിലെത്തുകയായിരുന്നു. രണ്ട് തവണയാണ് മിസ്‌കിന്‍ കല്‍ബുര്‍ഗിയുടെ നെറ്റിയില്‍ വെടിയുതിര്‍ത്തത്.
ഗൗരി ലങ്കേഷ് വധക്കേസിലും ഈ ആറ് പേരും പ്രതികളാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സമയത്ത് ബൈക്കോടിച്ചിരുന്നത് മിസ്‌കിനായിരുന്നു. പരശുറാം വാഗ്മറൊയാണ് ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തത്.സനാതന്‍ സന്‍സ്തയെന്ന തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതികളന്നും കുറ്റപത്രം പറയുന്നു.
ഹംപി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെ 2015 ആഗസ്ത് 30നാണ്, ദാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ എത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മുന്നുപേര്‍ തര്‍ക്കങ്ങള്‍ക്ക്‌ശേഷം അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു.