ആകാശ വിജയവര്‍ഗീയ  
ആകാശ വിജയവര്‍ഗീയ  

ആകാശത്തേക്ക് വെടി, പൂമാല, മധുരം; ഉദ്യോഗസ്ഥനെ തല്ലി അകത്തായ എംഎല്‍എയെ ബിജെപി സ്വീകരിച്ചത് ഇങ്ങനെ  

Published on

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് തല്ലിയതിന് ജയിലിന് അകത്തായ മധ്യപ്രദേശ് ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയ പുറത്തിറങ്ങിയപ്പോള്‍ പാര്‍ട്ടി നല്‍കിയത് വീരോചിത സ്വീകരണം. ഇന്‍ഡോര്‍ ജയിലില്‍ നിന്നിറങ്ങിയ ആകാശിനെ പൂമാലയിടീച്ചും മധുരം വിതരണം ചെയ്തും ആകാശത്തേക്ക് വെടിവെച്ചുമാണ് ബിജെപി എതിരേറ്റത്. ആകാശിന്റെ പിതാവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയവര്‍ഗീയയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് എംഎല്‍എ പറഞ്ഞു.

ചെയ്തതിനെയോര്‍ത്ത് എനിക്ക് പശ്ചാത്താപമോ ലജ്ജയോ തോന്നുന്നില്ല. കാരണം പൊതുജനതാല്‍പര്യാര്‍ത്ഥമാണ് ഞാനത് ചെയ്തത്.   

ആകാശ് വിജയവര്‍ഗീയ  

ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നത് കണ്ടാണ് അങ്ങനെ ചെയ്തത്. ഇനിയും ബാറ്റ് എടുക്കാന്‍ അവസരമുണ്ടാകാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മകനെ മാലയിട്ട് സ്വീകരിച്ച് ബിജെപി നേതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആകാശത്തേക്ക് വെടിയുതിര്‍ക്കലും പടക്കംപൊട്ടിക്കലുമായി ബിജെപി പ്രവര്‍ത്തകര്‍ അനുഗമിച്ചു. വീട്ടിലെത്തുന്നതിന് മുമ്പ് ബിജെപി ഓഫീസിലും ആകാശിന് വേണ്ടി സ്വീകരണം ഒരുക്കിയിരുന്നു. ജയിലിലെ സമയം നല്ല രീതിയില്‍ ചിലവഴിന്ന് ആകാശ് വിജയവര്‍ഗീയ പ്രവര്‍ത്തകരോട് പറഞ്ഞു.

ആകാശ വിജയവര്‍ഗീയ  
ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ ; ദേഷ്യത്തില്‍ ചെയ്തത് ഓര്‍മ്മയില്ലെന്ന് മാധ്യമങ്ങളോട് 

ഗാഞ്ചി കോമ്പൗണ്ടില്‍ തകര്‍ന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. കാലവര്‍ഷത്തിന് മുന്‍പ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയെന്ന നടപടിയുടെ ഭാഗമായാണ് ധീരേന്ദ്ര ബ്യാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ ഇതിന് സന്നദ്ധരായത്. ഉദ്യോഗസ്ഥ സംഘം എത്തിയതോടെ ആകാശും അനുകൂലികളും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

ആകാശ് ബാറ്റുമായി ഉദ്യോഗസ്ഥരെ പിന്‍തുടര്‍ന്നെത്തി മര്‍ദ്ദിച്ചു. 10 മിനിട്ടുകൊണ്ട് സ്ഥലം വിടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രദേശത്ത് ഇതോടെ സംഘര്‍ഷാവസ്ഥയായി. ഏറെ പണിപ്പെട്ടാണ് ആകാശിന്റെ ആക്രമണത്തില്‍ നിന്ന് പൊലീസ്, ഉദ്യോഗസ്ഥ സംഘത്തെ രക്ഷിച്ചത്.

logo
The Cue
www.thecue.in