2001ല്‍ തൂപ്പുകാരിയായി എത്തിയ അതേസ്‌കൂളിലാണ് ഇന്ന് ലിന്‍സ ഹയര്‍സെക്കന്‍ഡറി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ലിന്‍സയുടെ ജീവിതം.
കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായിരുന്നു ലിന്‍സയുടെ അച്ഛന്‍ രാജന്‍. 2001ലാണ് അദ്ദേഹം മരിക്കുന്നത്. അന്ന് ലിന്‍സ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്, അനിയന്‍ ഒമ്പതാം ക്ലാസിലും. ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി ലിന്‍സയ്ക്ക് സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. ജോലിയോടൊപ്പം പഠനവും തുടര്‍ന്നിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ യോഗ്യത തികഞ്ഞതോടെ മറ്റൊരാളുടെ ഒഴിവില്‍ അധ്യാപികയായി ലിന്‍സയെ സ്‌കൂള്‍ അധികൃതര്‍ നിയമിച്ചു. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി.
2012ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുകാരിയായി ലിന്‍സ ഇഖ്ബാല്‍ സ്‌കൂളില്‍ തിരിച്ചെത്തി. ഇതിനിടെ സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയായിരുന്നു ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിളിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. ആദ്യം കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റും ക്ലിയര്‍ ചെയ്തതോടെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി നിയമനം. വര്‍ഷങ്ങള്‍ തൂപ്പുകാരിയായിരുന്ന സ്‌കൂളില്‍ ലിന്‍സ ഇന്ന് ഇംഗ്ലീഷ് അധ്യാപികയാണ്.