മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഡി.ജി.പി ആയിരിക്കെ ബെഹ്‌റ ഇടപെട്ടു, കത്ത് പുറത്ത്

മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഡി.ജി.പി ആയിരിക്കെ ബെഹ്‌റ ഇടപെട്ടു, കത്ത് പുറത്ത്
Published on

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സുരക്ഷയൊരുക്കാന്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടതായി സൂചിപ്പിക്കുന്ന കത്ത് പുറത്ത്. മോന്‍സണ്‍ന്റെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അന്ന് ഡി.ജി.പി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ ആലപ്പുഴ എസ്.പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അയച്ച കത്താണ് പുറത്തായത്.

2019 ജൂണ്‍ 13ന് അയച്ച കത്തുകളുടെ പകര്‍പ്പുകളാണ് പുറത്തുവന്നത്. ചേര്‍ത്തലയിലേയും കൊച്ചിയിലേയും വീടുകള്‍ക്കാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിസണ്‍ എന്ന വീടിന് സുരക്ഷ ഒരുക്കണമെന്നാണ് കത്തില്‍ പറയുന്നത്.

സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ച് ഡി.ജി.പിക്കും കത്ത് അയച്ചിട്ടുണ്ട്.

ഡി.ജി.പി ലോക്നാഥ് ബെഹ്റയുള്‍പ്പെടെയുള്ളവരെ തന്റെ മ്യൂസിയം കാണാന്‍ മോന്‍സണ്‍ കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ്തുവിന്റെ കാലത്തെ വെള്ളി നാണയങ്ങളും മോശയുടെ അംശവടിയുമെല്ലാം തന്റെ കൈവശം ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. സംസ്ഥാനത്തെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശമാണ് മോന്‍സണ്‍ മാവുങ്കലിനെ കുടുക്കിയത്.

പഴയ നിയമത്തിലെ മോശയും അംശവടിയും എങ്ങനെ മോന്‍സന്റെ കൈവശമെത്തിയെന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഇയാള്‍ പൊലീസ് ആസ്ഥാനത്തുമെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in