'പള്ളിയിലെത്തിയും ഭീഷണി, ഇതുവരെ സൈബര്‍ അറ്റാക്കിനെ കുറിച്ച് കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ'; ഫാ.ജെയിംസ് പനവേലില്‍

'പള്ളിയിലെത്തിയും ഭീഷണി, ഇതുവരെ സൈബര്‍ അറ്റാക്കിനെ കുറിച്ച് കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ'; ഫാ.ജെയിംസ് പനവേലില്‍
Published on

ഈശോ സിനിമ വിവാദത്തില്‍ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് ഫാ.ജെയിംസ് പനവേലില്‍. സോഷ്യല്‍ മീഡിയയിലൂടെയും ഫോണില്‍ വിളിച്ചും ഭീഷണി തുടരുകയാണ്. പള്ളിയില്‍ നേരിട്ടെത്തി ഭീഷണി മുഴക്കിയിരുന്നു. തനിക്കെതിരെ വരുന്ന ഭീഷണികളെല്ലാം ഒരേ സ്വഭാവമുള്ളവയാണെന്നും ഫാ.ജെയിംസ് പനവേലില്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തില്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിലായിരുന്നു സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ച് ഫാ.ജെയിംസ് പ്രതികരിച്ചത്. നടക്കുന്ന പ്രതിഷേധം അനാവശ്യമാണെന്നും പ്രവര്‍ത്തികള്‍ കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘികള്‍ എന്ന പേര് വന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പ്രസംഗം വൈറലായതിന് പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് ഉണ്ടായതായി ഫാ.ജെയിംസ് പനവേലില്‍ അഭിമുഖത്തില്‍ പറഞ്ഞു. 'ഇതുവരെ സൈബര്‍ അറ്റാക്കിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോ അനുഭവിച്ച് അറിയാന്‍ പറ്റി എന്നതാണ്. ഈ വരുന്ന സൈബര്‍ അറ്റാക്കുകള്‍ എല്ലാം ഏതാണ്ട് ഒരേ സ്വഭാവമുള്ളവയാണെന്നതാണ് ശ്രദ്ധിച്ചൊരു കാര്യം. അപ്പോള്‍ തന്നെ ഒരു പ്രൊപ്പഗാന്‍ഡ ആണെന്ന് തോന്നിയിരുന്നു അത്.

പ്രതികരിക്കുന്നത് തെറ്റല്ല, പക്ഷേ പ്രതികരിക്കുമ്പോഴും മാനവികതയും ക്രിസ്തീയതയും ഉണ്ടാകണം. പലപ്പോഴും എനിക്ക് വന്ന കോളുകളിലും സന്ദേശങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളിലുമൊക്കെ നോക്കിയാല്‍ കാണാം എന്തുമാത്രം വിദ്വേഷമാണ് അതിലുള്ളതെന്ന്. അതില്‍ ക്രിസ്തീയത ഇല്ലെന്ന് മാത്രമല്ല, മാനവീകത പോലും ഇല്ലാത്ത കമന്റുകള്‍ വരുമ്പോള്‍, അത് ശരിയായ പ്രതികരണ രീതിയാണോ എന്ന് ചിന്തിക്കണം', അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയുടെ ഒരു അതിപ്രസരണമുണ്ടായ കാലഘട്ടത്തില്‍ പറഞ്ഞതുകൊണ്ടാണ് ആ പ്രസംഗം ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടതെന്നും ഫാ.ജെയിംസ് പനവേലില്‍. 'മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല, സോഷ്യല്‍ മീഡിയയിലൊക്കെ മുമ്പൊന്നും കാണാത്ത തരത്തിലുള്ള വര്‍ഗീയതയും ദ്രുവീകരണവും ഒക്കെ നടക്കുന്ന കാലഘട്ടമാണ്. അത് മതങ്ങള്‍ക്ക് ഉള്ളില്‍ കൂടി കടന്ന് കയറുമ്പോള്‍ ഉറപ്പായും അത് മതത്തിന്റെ അന്തസത്തയെയും അതിന്റെ മൂല്യങ്ങളെയും തന്നെ തച്ചുടക്കുന്നതാണ്. അത് എതിര്‍ക്കപ്പെടണം.

എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയാണ് ചോദ്യങ്ങള്‍ വരുന്നത്. ഒരാളെ കേള്‍ക്കാനുള്ള മനസ് പോലും ഇല്ലാതെ, ഒരു സന്ധി സംഭാഷണത്തിനോ ചര്‍ച്ചക്കോ വേദിയില്ലാതെയാകുന്നത് ഒരു അപചയമാണ്.

ഇത്തരത്തില്‍ തീവ്രവാദപരമായ നിലപാടെടുക്കുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. പോസിറ്റീവായി ചിന്തിക്കുന്ന, ക്രിസ്തുവിനെ ശരിയായി മനസിലാക്കിയിട്ടുള്ള വലിയൊരു ശതമാനം ആളുകളുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ പക്ഷെ കേള്‍ക്കപ്പെടാതെ പോകുന്നു, അതിന് മേല്‍ കയറി വരുന്ന വര്‍ഗീയത ചെറുക്കപ്പെടേണ്ടതാണ്. സഭയില്‍ നിന്ന് എതിര്‍പ്പോ മറ്റ് ബുദ്ധിമുട്ടുകളോ ഇതുവരെ ഉണ്ടായിട്ടില്ല.', ഫാ.ജെയിംസ് പനവേലില്‍ ദ ക്യുവിനോട് പറഞ്ഞു.

'പള്ളിയിലെത്തിയും ഭീഷണി, ഇതുവരെ സൈബര്‍ അറ്റാക്കിനെ കുറിച്ച് കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ'; ഫാ.ജെയിംസ് പനവേലില്‍
'സിനിമയ്ക്ക് മുഹമ്മദ് നബിയുടെ പേരിട്, അപ്പോള്‍ കാണാം'; ഫാ.ജെയിംസ് പനവേലിന്റെ പ്രസംഗം പങ്കുവെച്ച ജീത്തുജോസഫിനെതിരെയും വിദ്വേഷപ്രചരണം

Related Stories

No stories found.
logo
The Cue
www.thecue.in