ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഡല്‍ഹി കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം യുഎപിഎ ചുമത്തി ആറസ്റ്റ് ചെയ്തു. കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്ക് ആരോപിച്ചാണ് പൊലീസ് നടപടി. ഞായറാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തണമെന്ന് ഉമറിന് ശനിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ സ്‌റ്റേഷനിലെത്തിയ ഉമറിനെ വൈകുന്നേരം വരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിക്കുന്നു.
ജൂലൈ 31 ന് ഉമറിനെ പൊലീസ് ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു, മാര്‍ച്ച് 6 ല്‍ രേഖപ്പെടുത്തിയ എഫ്‌ഐആര്‍ പ്രകാരമാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം ഉമറിന്റെ നേതൃത്വത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഗൂഢാലോചനയില്‍ ഡാനിഷ് എന്നയാളും വിവിധ സംഘടനകളില്‍പ്പെടുന്ന മറ്റ് രണ്ടുപേരും പങ്കാളികളാണെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. രണ്ടിടങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ഉമര്‍, ട്രംപിന്റെ സന്ദര്‍ശനവേളയില്‍, ആളുകളോട് തെരുവിലിറങ്ങി റോഡുകള്‍ ഉപരോധിക്കാന്‍ ആഹ്വാനം ചെയ്‌തെന്നാണ് പൊലീസ് വാദം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് തോന്നിപ്പിക്കുന്ന സന്ദേശം അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കുകയെന്ന അജണ്ടയോടെയാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് ആരോപിക്കുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ക്രൈംബ്രാഞ്ചിന്റെ നാര്‍കോട്ടിക്‌സ് വിഭാഗം എസ് ഐ അരവിന്ദ് കുമാറിന് ഒരു ഇന്‍ഫോര്‍മര്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഉമര്‍ അടക്കമുള്ളവരുടെ കലാപ ആസൂത്രണത്തെക്കുറിച്ച് വെളിപ്പെട്ടതെന്നുമാണ് പൊലീസ് ആവകാശപ്പെടുന്നത്. കലാപലക്ഷ്യത്തോടെ,തോക്കുകള്‍ പെട്രോള്‍ ബോംബ്, ആസിഡ് കുപ്പികള്‍, കല്ലുകള്‍ തുടങ്ങിയ ആയുധങ്ങള്‍ കര്‍ദാംപുരി, ജാഫ്രബാദ്, ചന്ദ് ബാഗ്, ഗോകുല്‍പുരി, ശിവ് വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ ശേഖരിക്കപ്പെട്ടുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. ഒപ്പം കുറ്റാരോപിതനായ ഡാനിഷിനായിരുന്നു ആളുകളെ കലാപത്തിനായി സംഘടിപ്പിക്കാനുള്ള ചുമതലയെന്നും കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് റോഡുകള്‍ ബ്ലോക്ക് ചെയ്‌തെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ഒഴിപ്പിച്ചിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.