സുരേന്ദ്രനെ മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല, ബിജെപിക്ക് വളരാനുള്ള നിര്‍ദേശങ്ങുള്‍പ്പെടുത്തി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

സുരേന്ദ്രനെ മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല, ബിജെപിക്ക് വളരാനുള്ള നിര്‍ദേശങ്ങുള്‍പ്പെടുത്തി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്
Published on

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ മാറ്റിയതുകൊണ്ട് മാത്രം കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് മുന്‍ ഡിജിപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. താഴെതട്ടു മുതലുള്ള പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് സംഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക്് അതീതമായി വളരാന്‍ അനുവദിച്ചു കൂടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം സിവി ആനന്ദ ബോസ് കേരളത്തിലെ ബിജെപിയെക്കുറിച്ച് പഠിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആനന്ദ ബോസ് മൂന്ന് റിപ്പേര്‍ട്ടുകള്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ബിജെപിയുടെ മോശം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസ്ഥാന നേതാക്കളെ കുറ്റപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ സംഘടനാ തലത്തിലുള്ള പരാജയത്തെ മുന്‍നിര്‍ത്തിയാണ് ആനന്ദ ബോസ് റിപ്പോര്‍ട്ട് പ്രധാനമായും തയ്യാറാക്കിയത്

ബിജെപി സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇപ്പോഴുള്ള നേതൃത്വത്തിനോട് സ്വമേധയാ പുറത്തു പോകാന്‍ പറഞ്ഞ് പുതിയ നേത്വത്തിന് വഴിയൊരുക്കാനാകും ശ്രമമെന്നും സൂചനകളുണ്ട്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനാണ് നിലവില്‍ സിവി ആനന്ദ ബോസ്.

2019 ലാണ് പാലക്കാട് നിന്ന് സിവി ആനന്ദ ബോസ് ഐ.എ.എസ് ബിജെപിയില്‍ ചേര്‍ന്നത്. അമിത് ഷായില്‍ നിന്നാണ് അദ്ദേഹം അംഗത്വമെടുത്തത്.

ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ വിവാദത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അഞ്ച് സീറ്റ് വരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേടുമെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചതിന് ശേഷം ആകെയുള്ള സീറ്റ് നഷ്ടപ്പെട്ടത് നിരാശയുണ്ടാക്കിയെന്ന് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.

ദയനീയ തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണ വിവാദത്തില്‍ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായത് പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. തോല്‍വിക്ക് പിന്നാലെ കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായെങ്കില്‍ തല്‍ക്കാലം വേണ്ടെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ ബോസും ജേക്കബ് തോമസും റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.

കുഴല്‍പ്പണ വിവാദം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ പ്രതിഛായാ നഷ്ടമുണ്ടാക്കുന്നുവെന്ന നിഗമനത്തിലാണ് ഇ.ശ്രീധരന്‍, തോമസ് ജേക്കബ്, സി.വി ആനന്ദബോസ് എന്നിവരെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും കേരളത്തിലെ സംഭവ വികാസങ്ങളില്‍ കടുത്ത അനിഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിഛായ വീണ്ടെടുക്കാന്‍ നേതൃമാറ്റമടക്കം കേന്ദ്രനേതൃത്വം നിലവില്‍ പരിഗണിച്ച് വരികയായിരുന്നു. ഈ റിപ്പോര്‍ട്ടുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ആനന്ദ ബോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും. വി.മുരളീധരനോടും കെ.സുരേന്ദ്രനോടും ഒരു വിഭാഗം നേതാക്കള്‍ നിസഹകരണം തുടരുന്നതും ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉള്‍പ്പെടെ സംസ്ഥാന നേതൃത്വം വിഭാഗീയ നിലപാട് സ്വീകരിച്ചതും കേരളത്തിലെ വിമത വിഭാഗം നേതാക്കള്‍ ജെപി നദ്ദയെയും അമിത് ഷായെയും അറിയിരുന്നു.

പാര്‍ട്ടിയിലെ അനൈക്യം പരിഹരിക്കാന്‍ കെ.സുരേന്ദ്രന് സാധിക്കാത്തതും പിന്നാലെയെത്തിയ കുഴല്‍പ്പണ വിവാദവും ആര്‍എസ്എസ് കേന്ദ്രങ്ങളെയും അതൃപ്തിയിലെത്തിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെതിരെ പ്രതികാര രാഷ്ട്രീയമാണ് നടക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഏപ്രില്‍ മൂന്നിന് തൃശൂര്‍ കൊടകരയിലുണ്ടായ ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമം സിപിഎം നയിക്കുന്ന സര്‍ക്കാര്‍ നടത്തുകയാണെന്നും സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in