സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് സ്‌ഫോടന ശേഷി കുറഞ്ഞ, പടക്കത്തിന് സമാനമായ വസ്തുവാണെന്നാണ് ഫോറന്‍സികിന്റെ പ്രാഥമിക വിലയിരുത്തല്‍.
വലിയ നാശമുണ്ടാക്കാന്‍ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തു എന്നാണ് ഫോറന്‍സിക് കണ്ടെത്തല്‍.
സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച അവശിഷ്ടങ്ങളില്‍ നിന്ന് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡര്‍ എന്നിവയുടെ അംശങ്ങളാണ് ലഭിച്ചത്. വീര്യം കുറഞ്ഞ നാടന്‍ പടക്കങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇത്തരം രാസവസ്തുക്കള്‍ സാധാരണ ഉപയോഗിക്കാറ്. ഇവയ്ക്ക് വലിയ ശബ്ദമുണ്ടാകുമെങ്കിലും നാശനഷ്ടമുണ്ടാകില്ല.
കല്ലും പേപ്പറും ഉപയോഗിച്ച് നിര്‍മിക്കുന്നവയാണ് ഇതെന്നും ബോംബിന് സമാനമായ രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞെന്നായിരുന്നു സി.പി.ഐ.എം ആരോപണം. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ഫോറന്‍സിക് പരിശോധനാഫലം.