ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
Published on

ലോക ഫുട്ബോളിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് പെലെ. തന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്ബായ സാന്റോസിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ് വയസ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം ഫുട്ബോൾ ലോകത്ത് അറിയിച്ചു. 58 ൽ തന്റെ പതിനേഴാം വയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നു.

പെലെയിലൂടെ തിളങ്ങിയ ബ്രസീൽ

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. ബ്രസീൽ മൂന്ന് തവണ ലോകകിരീടം ഉയർത്തിയപ്പോഴും കളത്തിൽ‌ നിറഞ്ഞാടി പെലെയും ഉണ്ടായിരുന്നു. ആദ്യം 1958ൽ, പിന്നെ 1962ൽ, ഒടുവിൽ 1970ൽ. എന്നാൽ 1962ൽ പരുക്കിനെത്തുടർന്ന് പെലെ ലോകകപ്പിനിടയിൽ പിൻമാറി. ആകെ നാല് ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാല് മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. ഫുട്ബോൾ ലോകകപ്പിൽ ഒരുപിടി റെക്കോർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. അവിടെനിന്നും ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണല്‍ കരിയറില്‍ ഈ രണ്ട് ക്ലബ്ബുകള്‍ക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in