പഴകിയ ഭക്ഷണവും ശുചിത്വമില്ലായ്മയും ; 1334 ഹോട്ടലുകള്‍ക്ക് പിഴയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്, 563 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 1334 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 563 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യസാമ്പിളുകള്‍ ശേഖരിക്കുകയും ഗുരുതരമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കണ്ടെത്തിയ 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ 34, കോട്ടയത്ത് 50, എറണാകുളത്ത് 80, പാലക്കാട് 36, മലപ്പുറം 58, വയനാട് 15, കാസര്‍കോട് 45 ഉം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എറണാകുളത്തെ ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഓഗസ്ത് 21 മുതല്‍ വിവിധ ജില്ലകളില്‍ പരിശോധന ആരംഭിച്ചത്. ചെക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. വിഷം കലര്‍ന്ന പച്ചക്കറികളും മായം ചേര്‍ത്ത പാലും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ സംസ്ഥാനത്തേക്കെത്താതിരിക്കാനാണ് ചെക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നത്.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്താന്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ലംഘനങ്ങള്‍ക്ക് പിഴ നല്‍കുകയും ചെയ്യുന്നു. ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധിക്കുന്നുണ്ട്. ഓണാവധി ദിവസങ്ങളിലും സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും.