പ്രളയം: നിര്‍മ്മാണരീതികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍; കോണ്‍ക്രീറ്റില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറും
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെ മുഖ്യകാരണങ്ങളിലൊന്ന് പാരിസ്ഥിതിക ചൂഷണമാണെന്ന വിലയിരുത്തലിന് പിന്നാലെ സംസ്ഥാനത്തെ നിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. ബദല്‍ നിര്‍മ്മാണ രീതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ തന്നെ ചര്‍ച്ചകള്‍ നടക്കും. പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്താനും അനിയന്ത്രിത ചൂഷണം ഒഴിവാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യും.
കരിങ്കല്‍ ഖനനത്തെ ആശ്രയിക്കുന്ന കോണ്‍ക്രീറ്റ് നിര്‍മ്മിതികളില്‍ നിന്നും ഘട്ടം ഘട്ടമായി പിന്മാറാനാണ് ആലോചന. പ്രീഫാബ്, സ്റ്റീല്‍ പാബ്രിക്കേഷന്‍, ജിഎഫ്ആര്‍ജി (ഗ്ലാസ് നാരുകളാല്‍ ബന്ധപ്പെടുത്തിയ ജിപ്‌സം ) എന്നിവ പരിഗണനയിലുണ്ട്. പ്രീഫാബ് പ്രളയ പുനര്‍നിര്‍മ്മാണത്തിന് നേരത്തെ ഉപയോഗിച്ച് വിജയകരമാണെന്ന് പ്രാഥമികമായി വിലയിരുത്തിയതാണ്. ജിഎഫ്ആര്‍ജി മാതൃകയും കേരളത്തില്‍ ഉപയോഗിച്ചിരുന്നു. ഫാക്റ്റിന്റെ ഉത്പ്പാദന അസംസ്‌കൃത വസ്തുവായ ജിപ്‌സം ആണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ രീതിയില്‍ മദ്രാസ് ഐഐടി മാതൃകാവീട് തയ്യാറാക്കിയിരുന്നു. ഹരിപ്പാട് കെഎസ്ഇബി ഓഫീസിന്റെ നിര്‍മ്മാണവും ഈ സാങ്കേതികവിദ്യയിലാണ്.
സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് പാരിസ്ഥിതി പ്രശ്നങ്ങള്‍ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മഹാപ്രളയത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഉണ്ടായ മഴക്കെടുതി സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതിന്റെ ആഘാതം കൂടുതലായി നാം അനുഭവിക്കേണ്ടിവരുന്നു. ദുരന്തത്തിന്റെ തീവ്ര വര്‍ധിപ്പിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളില്‍ ഇടപെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
പരിസ്ഥിതി സംരക്ഷണം മുഖ്യവിഷയമായി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പ്രസ്താവിച്ചു. പ്രളയം തുടര്‍ച്ചയായിവരുന്ന പശ്ചാത്തലത്തില്‍ നമ്മുടെയെല്ലാം സമീപനത്തില്‍ മാറ്റങ്ങള്‍ വരണം. ഏത് മലമുകളിലും വെള്ളപ്പൊക്ക മേഖലയിലും താമസിക്കാമെന്ന അവസ്ഥയുണ്ട്. കരിങ്കല്ലും മണലും ഒഴിവാക്കി കെട്ടിട നിര്‍മ്മാണം നടത്തണം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഈ രീതി മാതൃതയാക്കണം. പാര്‍ട്ടി കെട്ടിടങ്ങള്‍ ഈ രീതിയിലാകും നിര്‍മ്മിക്കുകയെന്നും കോടിയേരി സംസ്ഥാന സമിതിയ്ക്ക് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പറയുകയുണ്ടായി.