‘ചുവപ്പുനാടയില്‍ കുരുങ്ങി സനിലിന്റെ ആത്മഹത്യ’; ഓഫീസുകള്‍ കയറിയിങ്ങിയിട്ടും ഫലമുണ്ടായില്ല, സാങ്കേതികത്വം മൂലമെന്ന് തഹസില്‍ദാര്‍
വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സനില്‍, സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശനായിരുന്നുവെന്ന് കുടുംബം. നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ധനസഹായം സംബന്ധിച്ച അവസാന പ്രതീക്ഷയും ഇല്ലാതായതാണ് സനിലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ഭാര്യ സജിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സനിലിന് ധനസഹായം കൈമാറാന്‍ കഴിയാതിരുന്നത് സാങ്കേതികത്വം കാരണമാണെന്നാണ് തഹസില്‍ദാര്‍ നല്‍കുന്ന ന്യായീകരണം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
റവന്യൂമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് റവന്യുസെക്രട്ടറി തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സനില്‍ നല്‍കിയത് ജനപ്രിയ അക്കൗണ്ടായിരുന്നുവെന്നും ഇതില്‍ വലിയ തുക കൈമാറാന്‍ സാധിക്കില്ലെന്നും തഹസില്‍ദാര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ടായിരുന്നു വയനാട് പള്ളിക്കവല സ്വദേശി സനില്‍ പുരയിടത്തില്‍ തൂങ്ങിമരിച്ചത്.
സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും സനിലിന്റെ കുടുംബത്തിന് ലഭിച്ചിരുന്നില്ല. റവന്യു പുറമ്പോക്ക് ഭൂമിയിലാണ് താമസിച്ചിരുന്നതെന്ന കാരണം കാണിച്ചാണ് അധികൃതര്‍ സഹായം നിഷേധിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു. 11 സെന്റ് ഭൂമിയില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു 40 വര്‍ഷത്തോളമായി സനില്‍ താമസിച്ചിരുന്നത്. 2018ലെ പ്രളയത്തില്‍ ഭാഗികമായും 2019ല്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതോടെ പെരുവഴിയിലായ സനലിന്റെ നാലംഗ കുടുംബം ബന്ധുക്കളുടെ വീടുകളിലായിരുന്നു കഴിഞ്ഞിരുന്നത്. വീട് നിന്ന സ്ഥലത്ത് സുഹൃത്തുക്കള്‍ താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച് കൊടുത്തിരുന്നു.
പ്രളയത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായമായ 10000 രൂപ പോലും സനിലിന്റെ കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്ന് അയല്‍വാസിയായ ബെന്നി ദ ക്യുവിനോട് പറഞ്ഞിരുന്നു. വീട് നിക്കാനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും റവന്യു ഭൂമിയാണെന്ന കാരണത്താല്‍ ഇത് നിഷേധിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ പോലും ധനസഹായം ലഭിക്കുമോ എന്നറിയാന്‍ സനില്‍ വില്ലേജ് ഓഫീസില്‍ പോയിരുന്നു. എന്നാല്‍ പണം അക്കൗണ്ടിലെത്തുമെന്ന മറുപടിയായിരുന്നു ലഭിച്ചത്.