പ്രളയഫണ്ട്: ‘പ്രതികള്‍ നടത്തിയത് വന്‍തട്ടിപ്പ്’, 23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി ക്രൈംബ്രാഞ്ച്
എറണാകുളത്തെ പ്രളയഫണ്ടില്‍ പ്രതികള്‍ നടത്തിയത് വന്‍തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി 23 ലക്ഷം രൂപ തട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. കൂടുതല്‍ പേര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ആദ്യഘട്ടത്തില്‍ പത്തരലക്ഷം രൂപയുടെ തട്ടിപ്പ് എന്ന രീതിയിലായിരുന്നു അന്വേഷണം തുടങ്ങിയതെങ്കിലും പിന്നീട് വലിയ തട്ടിപ്പായിരുന്നു നടന്നതെന്ന് കണ്ടെത്തുകയായിരുന്നു. കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 23,03,500 രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ നടത്തിയ തട്ടിപ്പാണ് ഇത്.
കൂടുതല്‍ അക്കൗണ്ടുകളിലേക്ക്, കളക്ട്രേറ്റ് ജീവനക്കാരനും മുഖ്യപ്രതിയുമായ വിഷ്ണുപ്രസാദ് പണം അയച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടാകാമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.