പ്രളയ ഫണ്ട് തട്ടിപ്പ് : സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതി
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതിക്കാരന്‍. പൊതുപ്രവര്‍ത്തകനായ ജി ഗിരീഷ് ബാബു ഇതുസംബന്ധിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കി. സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഢാലോചനയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. അയ്യനാട് സഹകരണ ബാങ്കില്‍ ലോക്കല്‍ കമ്മിറ്റി അംഗം അന്‍വറിനുള്ള അക്കൗണ്ടിലേക്ക് 5.54 ലക്ഷം രൂപ വന്നതില്‍ ബാങ്ക് സെക്രട്ടറി സംശയം പ്രകടിപ്പിച്ച് പണം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പണം അന്‍വറിന് നല്‍കാന്‍ ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ ബാങ്ക് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവം വിവാദമാകുമെന്ന് തോന്നിയ ഘട്ടത്തില്‍ പണം തിരിച്ചടച്ച് പ്രശ്‌നം ഒതുക്കാന്‍ സക്കീര്‍ ഹുസൈന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തിന് പുറമെ ബാങ്ക് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ കെആര്‍ ജയചന്ദ്രന്റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും പങ്കിനെക്കുറിച്ച് വിപുലമായ അന്വേഷണം വേണമെന്നും പറയുന്നുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഏഴുപേരെയാണ് ഇതില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കളക്ടറേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദ്, മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വര്‍, അന്‍വറിന്റെ ഭാര്യ അയ്യനാട് ബാങ്ക് ഡയറക്ടര്‍ കൗലത്ത്, മഹേഷിന്റെ ഭാര്യ നീതു, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്‍എന്‍ നിഥിന്‍, നിഥിന്റെ ഭാര്യ ഷിന്റു എന്നിവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. അന്‍വറിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് 10.54 ലക്ഷം രൂപയാണ് പലതവണയായി എത്തിയത്.
ഇത് ബാങ്ക് സെക്രട്ടറിയെ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിക്കുകയായിരുന്നു. അന്‍വറും കൗലത്തും ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 49,000 രൂപയാണെത്തിയത്. നിഥിന്റെ ഭാര്യ ഷിന്റുവിന്റെ ദേനാ ബാങ്ക് അക്കൗണ്ടിലേക്ക് 2,50,000 രൂപയും മാറ്റിയിരുന്നു. അറസ്റ്റിലായ പ്രതികളെല്ലാം റിമാന്‍ഡിലാണ്. അതേസമയം കേസിലുള്‍പ്പെട്ട സിപിഎം പ്രാദേശിക നേതാക്കളെ സംരക്ഷിക്കില്ലെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ദുരിതാശ്വാസത്തിനുള്ള പണം അടിച്ചുമാറ്റി അര്‍ഹരായ ലക്ഷക്കണക്കിന് പാവങ്ങളുടെ വയറ്റത്തടിച്ചിരിക്കുകയാണ് സിപിഎം എന്ന് പിടി തോമസ് എംഎല്‍എ ആരോപിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ സംഭവം പൊലീസ് ഒതുക്കുമെന്നും ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനുമെന്നതാണ് സംസ്ഥാനത്തെ അവസ്ഥയെന്നും പിടി തോമസ് പറഞ്ഞു.