ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല, വി.മുരളീധരന് പിന്നാലെ മലക്കം മറിഞ്ഞ് കെ.സുരേന്ദ്രനും

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല, വി.മുരളീധരന് പിന്നാലെ മലക്കം മറിഞ്ഞ് കെ.സുരേന്ദ്രനും
Published on

കേന്ദ്രനേതൃത്വവുമായി ആലോചിക്കാതെ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ മലക്കം മറിച്ചില്‍. വിജയയാത്രക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായും, അദ്ദേഹത്തെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും പറഞ്ഞിരുന്നു.

പിന്നീട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇക്കാര്യം ട്വീറ്റും ചെയ്തു. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് പ്രഖ്യാപനമെന്ന് വന്നതോടെ വി.മുരളീധരന്‍ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുരളീധരന്റെ തിരുത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രതികരണം.

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരന്‍ ബി.ജെ.പിയെ മുന്നില്‍ നിന്ന് നയിക്കുമെന്നും കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ.ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും കെ.സുരേന്ദ്രന്‍.

തിരുവല്ലയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ് ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്ന് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ.ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in