ഇതുവരെയില്ലാത്ത നിയമപ്രശ്‌നം പെട്ടെന്ന് വന്നതെന്താണെന്ന് ഫ്‌ളാറ്റുടമകളുടെ യോഗത്തില്‍ മേജര്‍ രവി
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകളുടെ യോഗത്തില്‍ സൗബിനും മേജര്‍ രവിയും, ഇതുവരെയില്ലാത്ത നിയമപ്രശ്‌നം പെട്ടെന്ന് വന്നതെന്താണെന്ന് മേജര്‍രവി
കൊച്ചി മരടിലെ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ അപ്പീലും റിട്ട് ഹര്‍ജിയും തിടുക്കത്തില്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് അഞ്ച് അപ്പാര്‍ട്ട്‌മെന്റുകളിലെ ഉടമകള്‍. 349 ഫ്‌ളാറ്റുകളില്‍ താമസക്കാര്‍ ഉള്ളത് 198 എണ്ണത്തിലാണ്. വ്യവസായികളും ചലച്ചിത്രമേഖലയിലെ പ്രമുഖരും ഉള്‍പ്പെടെ താമസക്കാരായുള്ളതാണ് കുണ്ടന്നൂര്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒ. പുനപരിശോധനാ ഹര്‍ജിയില്‍ ഈ മാസം പതിനാലിന് തീരുമാനമെടുക്കുമെന്ന് ഗോള്‍ഡല്‍ കായലോരം അപ്പാര്‍ട്‌മെന്റ്‌സ് ഉടമകള്‍ അറിയിച്ചു.
സംവിധായകന്‍ അമല്‍ നീരദ്, നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മേജര്‍ രവി എന്നിവര്‍ ഈ ഹോളിഫെയ്ത്തിലെ താമസക്കാരാണ്. ഉടമകളുടെ യോഗത്തില്‍ സൗബിന്‍ ഷാഹിറും മേജര്‍ രവിയും പങ്കെടുത്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് മേജര്‍ രവി പ്രതികരിച്ചു.
വളരെയധികം അധ്വാനിച്ച് കഷ്ടപ്പെട്ടാണ് ഓരോരുത്തരും ഫ്‌ളാറ്റ് വാങ്ങിയത്. അനുബന്ധ രേഖകളുമായി രജിസ്ട്രാപ്പീസില്‍ പോകുമ്പോള്‍ അവരത് രജിസ്റ്റര്‍ ചെയ്ത് തന്നിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയില്‍ നിന്ന് കെട്ടിടനമ്പര്‍ കിട്ടുന്നുണ്ട്. വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ നിയമതടസം ഉണ്ടായില്ല. പത്ത് വര്‍ഷമായി ടാക്‌സ് കൃത്യമായി അടച്ചിട്ടുണ്ട്. ഈ വര്‍ഷം അഡ്വാന്‍സ് ടാക്‌സും അടച്ചിട്ടുണ്ട്. ഈ സമയത്തൊന്നും ഇല്ലാത്ത നിയമപ്രശ്‌നം ഇപ്പോള്‍ വന്നത് എവിടെ നിന്നാണ്.
മേജര്‍ രവി, അപ്പാര്‍ട്ട്‌മെന്റ് ഉടമ
ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതില്‍ ഹോളിഡേ ഹെറിറ്റേജിന്റെ നിര്‍മ്മാണം നടന്നിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയെങ്കിലും നഗരസഭ അനുമതി റദ്ദാക്കിയതിനാലാണ് പണിനടക്കാഞ്ഞത്. കുണ്ടന്നൂര്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒവില്‍ മലയാളത്തിലെ സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളും ഉള്‍പ്പെടെ താമസക്കാരായുണ്ട്. നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള സിആര്‍സെഡ് മേഖലയിലാണ് ഈ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത്.
മരട് പഞ്ചായത്തായിരുന്ന 2006-2007 വര്‍ഷങ്ങളിലാണ് ഈ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുത്തിരിക്കുന്നത്. നഗരസഭയായി മാറിയതോടെ അനുമതി റദ്ദ് ചെയ്തെന്നാണ് നഗരസഭാ ഉപാധ്യക്ഷന്‍ പറയുന്നത്. സുപ്രീം കോടതി ഉത്തരവ് കിട്ടിയാലുടന്‍ പരിശോധന നടത്തി നിയമോപദേശം തേടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും നിയമസഭാ ഉപാധ്യക്ഷന്‍ പറയുന്നു. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് മരട് പഞ്ചായത്ത് നിര്‍മ്മാണത്തിന് അനുമതി കൊടുത്തത്. സിആസെഡ് 3 മേഖലയില്‍ തീരദേശത്ത് നിന്ന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മ്മാണം പാടില്ലെന്ന നിയമമുള്ളതിനാലാണ് ഈ കെട്ടിടങ്ങള്‍ പൊളിച്ചി മാറ്റേണ്ടിവരുന്നത്.
മരട് പഞ്ചായത്ത് നഗരസഭയായതിന് പിന്നാലെ നിര്‍മ്മാണ അനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിധി ശരിവെക്കുകയും ചെയ്തു. പുനഃപരിശോധന ഹര്‍ജിയും തള്ളിയതോടെ തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
അനധികൃതനിര്‍മ്മാണത്തിന് നഗരസഭയ്ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നും അനുമതി നേടിയവര്‍ കുറ്റക്കാരല്ലെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. പഞ്ചായത്ത് സെക്രട്ടറിയും കെട്ടിട നിര്‍മ്മാക്കളും ഒളിച്ചുകളിച്ചതാണ് അനധികൃത നിര്‍മ്മാണത്തിന് കാരണമായതെന്നും സെക്രട്ടറിയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയെന്നും സുപ്രീം കോടതിയില്‍ നഗരസഭ അറിയിച്ചു.