സോഷ്യല്‍ മീഡിയ ചാരിറ്റി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ലെന്നും അതിന് പരിഹാരം കണ്ടെത്താനാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും തവന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. ചാരിറ്റിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു തീരുമാനം. ഞാനൊരു ലീഗ് കാരനാണെന്ന് മുമ്പ് പറഞ്ഞതിന്റെ പേരില്‍ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ നടന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍.
നിഷ്പക്ഷനാണെന്ന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞതിന് കാരണം തിരക്കിയപ്പോള്‍ ' എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. എനിക്ക് എന്റേതായിട്ടുള്ളതും സഹായിക്കുന്നവര്‍ക്ക് അവരുടേതായതുമായ രാഷ്ട്രീയമുണ്ട്. ഫെയ്സ്ബുക്കില്‍ കമന്റിടുന്നവര്‍ക്ക് അതിന് മറുപടി നല്‍കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. രോഗികളെ സഹായിക്കുന്നത് സ്വന്തം താത്പര്യത്തിനനുസരിച്ചാണ്. വേണമെങ്കില്‍ സഹായിക്കാം അല്ലാത്തവര്‍ സഹായിക്കേണ്ടതില്ല' എന്നാണ് ഫിറോസിന്റെ മറുപടി. മാതൃഭൂമി ഓണ്‍ലൈനിലാണ് പ്രതികരണം.
ഫിറോസ് പറയുന്നത്
എന്നെ അക്രമിക്കുന്നവരുടെ ലക്ഷ്യം ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തണം എന്നാണ്. ഫണ്ടുകള്‍ വരരുത്. രോഗികള്‍ ബുദ്ധിമുട്ടണം എന്ന ചിന്താഗതിക്കാരാണ് ആക്രമണത്തിന് പിന്നില്‍. ഈ ഘട്ടത്തില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല, നിഷ്പക്ഷനായി നില്‍ക്കുന്ന ആളാണെന്നൊക്കെ ഫെയ്സ്ബുക്കിലൂടെ വന്ന് പറയും. പാവപ്പെട്ട രോഗികളെ സംരക്ഷിക്കാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞിരുന്നത്. എന്തു തന്നെ പറഞ്ഞാല്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. എന്നാല്‍ എനിക്കെതിരായ ആക്രമണം പാവപ്പെട്ടവരെ ബാധിക്കാനും പാടില്ല.
സോഷ്യല്‍ മീഡിയ ചാരിറ്റി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. ഫെയ്സ്ബുക്കോ സര്‍ക്കാരോ ഇത്തരം അക്കൗണ്ടുകള്‍ വേണ്ടെന്ന് വച്ചാല്‍ ആ ചാരിറ്റി പ്രവര്‍ത്തനം അവസാനിക്കും. അതുകൊണ്ട് തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തണം. അതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. നിയമസഭയിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.കോണ്‍ഗ്രസ് നേതൃത്വമാണ് എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അതിന് ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു.