ദിലീപിനെതിരായ കേസ്; സുദര്‍ശന്റെ കൈവെട്ടാനും എ വി ജോര്‍ജിനെ വധിക്കാനും ഗൂഢാലോചന നടന്നെന്ന് എഫ്.ഐ.ആര്‍

ദിലീപിനെതിരായ കേസ്; സുദര്‍ശന്റെ കൈവെട്ടാനും എ വി ജോര്‍ജിനെ വധിക്കാനും ഗൂഢാലോചന നടന്നെന്ന് എഫ്.ഐ.ആര്‍
Published on

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത്. എഡിജിപി ബി സന്ധ്യ, എസ്.പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു, ഐ ജി എ വി ജോര്‍ജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കി. തന്റെ ദേഹത്ത് കൈവെച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴിനല്‍കിയിരിക്കുന്നത്.

ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

ദിലീപ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. ഒന്നാം പ്രതി ദിലീപാണ്, രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്. മൂന്നാം പ്രതി സഹോദരിഭര്‍ത്താവ് സുരാജും നാലാം പ്രതി അപ്പുവുമാണ്. അഞ്ചാം പ്രതി കണ്ടാലറിയാവുന്ന ഒരാളും ആറാം പ്രതി ചെങ്ങമനാട് സ്വദേശിയായ ബാബുവാണ്.

സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in