'നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ' എന്ന് വിളിച്ച് മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു; വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

'നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ' എന്ന് വിളിച്ച് മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു; വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്
Published on

മുഖ്യമന്ത്രിയെ വധിക്കാനുള്ള ഉദ്ദേശത്തോടെയാണ് വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയതെന്ന് എഫ്.ഐ.ആര്‍. 'നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ' എന്ന് പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുവരികയും തടയാന്‍ ശ്രമിച്ച ഗണ്‍മാനെ ആക്രമിക്കുകയും ചെയ്തു. പ്രൈവറ്റ് സെക്രട്ടറി സുനീഷ് കുമാറിന് നേരെയും ആക്രമണമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അത്രികമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എയര്‍പോര്‍ട്ട് മാനേജരും സമാനമായി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വിമാനത്തിലെ ക്ര്യൂവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും പ്രതികള്‍ വിമാനത്തിനകത്ത് വെച്ച് മുദ്രാവാക്യം വിളിച്ചു.

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളെയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in