'അവിടെ 19 പേരുണ്ടല്ലോ, കാളവണ്ടിയില്‍ പോകട്ടെ'; പ്രതിപക്ഷത്തിന്റെ സൈക്കിള്‍ മാര്‍ച്ചിനെ പരിഹസിച്ച് ധനമന്ത്രി

'അവിടെ 19 പേരുണ്ടല്ലോ, കാളവണ്ടിയില്‍ പോകട്ടെ'; പ്രതിപക്ഷത്തിന്റെ സൈക്കിള്‍ മാര്‍ച്ചിനെ പരിഹസിച്ച് ധനമന്ത്രി
Published on

ഇന്ധനവില കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിള്‍ മാര്‍ച്ച് നടത്തിയ പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീളന്‍ ഉള്‍പ്പടെയുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു ഇന്ന് നിയമസഭയിലെത്തിയത്. ഇന്ധനനികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രം ഇന്ധനവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്രം നികുതി കുറയ്ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസിലിരിപ്പെന്നാണ് കെ.ബാബു ആരോപിച്ചത്. സര്‍ക്കാര്‍ ഉലക്ക കൊണ്ട് അടിച്ചിട്ട് മുറം കൊണ്ട് വീശുകയാണെന്നും ബാബു പരിഹസിച്ചു.

സംസ്ഥാനം കഴിഞ്ഞ ആറുവര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരാണ് ഇന്ധനനികുതി വര്‍ധിപ്പിച്ചത്. കൂട്ടിയവര്‍ തന്നെ കുറക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇവിടെ നിന്ന് 19 പേര്‍ പാര്‍ലമെന്റില്‍ ഉണ്ടല്ലോ, അവര്‍ പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകട്ടെയെന്നും ധനമന്ത്രി പരിഹസിച്ചു.

ഓയില്‍ പൂള്‍ അക്കൗണ്ട് ഇല്ലാതാക്കിയത് കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴാണെന്നും ധനമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. 2018 ല്‍ ഇത് കുറയ്ക്കുകയും ചെയ്തു. കൊവിഡ് സമയത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോള്‍ കേരളം നികുതി വര്‍ധിപ്പിച്ചില്ല. അത് പാതകമായി കാണരുത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ കൊവിഡ് സമയത്ത് 6 ശതമാനം ഇന്ധന നികുതി വര്‍ധിപ്പിച്ചിരിന്നു. സര്‍ചാര്‍ജിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുകയാണെന്നും മന്ത്രി പറഞ്ഞു.

'അവിടെ 19 പേരുണ്ടല്ലോ, കാളവണ്ടിയില്‍ പോകട്ടെ'; പ്രതിപക്ഷത്തിന്റെ സൈക്കിള്‍ മാര്‍ച്ചിനെ പരിഹസിച്ച് ധനമന്ത്രി
ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധം; യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്

Related Stories

No stories found.
logo
The Cue
www.thecue.in