'യുഡിഎഫ് 10 കോടിക്ക് പറക്കാത്ത വിമാനം വാങ്ങിയവര്‍, മുഖ്യമന്ത്രിയുടെ ഉപദേശകരെല്ലാം ശമ്പളം വാങ്ങുന്നവരല്ല', വിമര്‍ശനങ്ങളോട് ധനമന്ത്രി

'യുഡിഎഫ് 10 കോടിക്ക് പറക്കാത്ത വിമാനം വാങ്ങിയവര്‍, മുഖ്യമന്ത്രിയുടെ ഉപദേശകരെല്ലാം ശമ്പളം വാങ്ങുന്നവരല്ല', വിമര്‍ശനങ്ങളോട് ധനമന്ത്രി
Published on

കൊവിഡ് കാലത്തും സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ മറുപടി. ചെലവ് ചുരുക്കുന്നതിന് സ്വീകരിക്കുന്ന നടപടിയും മന്ത്രി വിശദീകരിക്കുന്നു. ഹെലികോപ്ടര്‍ വാടക്കെടുത്തതും, കാബിനറ്റ് റാങ്കിലെ നിയമനവും, ഉപദേശകരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും എണ്ണം സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും തോമസ് ഐസക്ക് മറുപടി നല്‍കുന്നു. ഹെലികോപ്ടര്‍ 1.80 കോടിക്ക് വാടകയ്ക്ക് എടുത്തൂവെന്ന് പറയുന്ന യുഡിഎഫ് 10 കോടി രൂപയ്ക്ക് ഒരിക്കലും പറക്കാത്ത വിമാനം വാങ്ങിയവരാണെന്ന് ധനമന്ത്രി. ഉപദേശകര്‍ യുഡിഎഫ് ഭരണത്തില്‍ ഉണ്ടായിരുന്നില്ലേ? മുഖ്യമന്ത്രിയുടെ ഉപദേശകരെല്ലാം ശമ്പളം വാങ്ങുന്നവരല്ലായെന്നും തോമസ് ഐസക്ക്.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്

സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അനാവശ്യചെലവുകള്‍ കുറയ്‌ക്കേണ്ടതാണെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബന്ധിച്ച് പൊതുവില്‍ പുറംതൊലി ചര്‍ച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്. എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോള്‍ നമ്മള്‍ ഗൗരവമായി പരിഗണിക്കേണ്ടത്? എന്തെല്ലാമാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന സുപ്രധാന നടപടികള്‍?

ഇപ്പോള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടി, ക്ഷേമപെന്‍ഷനുകളുടെ വെട്ടിപ്പ് തടയുന്നതിനുള്ള നടപടിയാണ്. മരണമടഞ്ഞിട്ടും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലേറെ പേരുണ്ട്. അത്രതന്നെ ആളുകളെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല. ആള്‍മാറാട്ടം നടത്തുന്നവരാണ് ഇവര്‍. സര്‍ക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. ഇങ്ങനെ പലരും. ഇങ്ങനെയുള്ളവരെയെല്ലാംകൂടി ചേര്‍ത്താല്‍ 4.5 ലക്ഷത്തോളം പേരുണ്ട്. ഇതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് ഒരു അവസരംകൂടി നല്‍കാന്‍ പോവുകയാണ്. എന്നാലും എന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഏതാണ്ട് മൂന്നേമുക്കാല്‍ ലക്ഷം അനര്‍ഹര്‍ പുറത്തുപോകും. ഏതാണ്ട് 600 കോടി രൂപയുടെ അനാവശ്യ ചെലവ് ഒഴിവാക്കാം.

രണ്ടാമത്തേത് എയ്ഡഡ് സ്‌കൂളുകളിലെ നിയമനമാണ്. യുഡിഎഫ് ഭരണകാലത്ത് അധിക അധ്യാപകരെ ഉള്‍ക്കൊള്ളിക്കുന്നതിനുവേണ്ടി അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചു. അതോടൊപ്പം ധനകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഡിഎഫിന്റെ അവസാനം ഒരു ഉത്തരവിറങ്ങി. അതുപ്രകാരം നിര്‍ദ്ദിഷ്ട നിരക്കിനേക്കാള്‍ ഒരു കുട്ടി കൂടുതലുണ്ടെങ്കില്‍ ഒരു പോസ്റ്റായി. ഇതിന് സര്‍ക്കാരിന്റെ അംഗീകാരം വേണ്ട. ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ അനുമതി മതി. ഇതിന് കോടതിയുടെയും പിന്തുണ കിട്ടി. ഫലമോ? സര്‍ക്കാര്‍ നേരിട്ടു ഏതാണ്ട് 20,000 തസ്തികകളാണ് സൃഷ്ടിച്ചതെങ്കില്‍ സ്വകാര്യ എയ്ഡഡ് മേഖലയില്‍ 15,000 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് അവസാനിപ്പിക്കുന്നത് ഭാവിയിലെങ്കിലും ഭീമന്‍ ചോര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.

കോളേജ് അധ്യാപക നിയമനത്തിലും ഇതേ സ്ഥിതിയുണ്ട്. പണ്ട് പ്രീ-ഡിഗ്രി കോളേജുകളില്‍ നിന്നും മാറ്റിയപ്പോള്‍ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ബിരുദാനന്തര ബിരുദ മേഖലയില്‍ ഒരു മണിക്കൂര്‍ പഠിപ്പിച്ചാല്‍ ഒന്നരമണിക്കൂറായി കണക്കാക്കുമെന്ന് നിശ്ചയിച്ചു. അന്നത് ചെയ്തത് മനസ്സിലാക്കാം. ഇന്ന് സര്‍ക്കാര്‍ 150 ഓളം കോഴ്‌സുകള്‍ പുതിയതായി ആരംഭിക്കാന്‍ തയ്യാറാകുമ്പോള്‍ യുജിസി വര്‍ക്ക് ലോഡല്ലേ സ്വീകരിക്കേണ്ടത്? നിലവില്‍ നിയമനം ലഭിച്ച ഒരാളുടെയും ഇന്നത്തെ സ്ഥിതിയില്‍ മാറ്റം വരുത്താതെ ഭാവി നിയമനങ്ങള്‍ക്ക് ഇത് ഒഴിവാക്കിയാല്‍ അടുത്തവര്‍ഷം 250-300 കോടി രൂപയുടെ ചെലവ് ചുരുക്കാം.

തികച്ചും അപ്രസക്തമായിത്തീര്‍ന്ന പെര്‍ഫോമന്‍സ് ഓഡിറ്റും ഡിആര്‍ഡിഎയിലെ ഉദ്യോഗസ്ഥരും താഴേയ്ക്ക് പുനര്‍വിന്യസിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇവരുടെ എണ്ണം ഏതാണ്ട് 800 വരും. ഇന്ന് പ്രത്യേകിച്ചൊരു പണിയുമില്ലാത്ത 5000 ഉദ്യോഗസ്ഥരെയെങ്കിലും മറ്റിടങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കാം. ഇതുമൂലം പോസ്റ്റുകള്‍ നഷ്ടപ്പെടുമെന്ന് ആരും വേവലാതിപ്പെടേണ്ട. ഇതിനകം സൃഷ്ടിച്ച പോസ്റ്റുകള്‍ സര്‍വ്വകാല റെക്കോര്‍ഡാണ്. ഇനി ഹയര്‍ സെക്കണ്ടറികളില്‍, കോളേജുകളില്‍, ആരോഗ്യ മേഖലയില്‍, മറ്റു പല വകുപ്പുകളിലും പോസ്റ്റുകള്‍ സൃഷ്ടിക്കേണ്ടിവരും. പക്ഷെ, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ ശമ്പളം വാങ്ങാനുള്ള ഏര്‍പ്പാട് തുടരാനാവില്ല. ഇതുപോലുള്ള കാര്യങ്ങള്‍ക്കാണ് ചെലവു ചുരുക്കാന്‍ പറയുമ്പോള്‍ ഞാന്‍ മുന്‍ഗണന നല്‍കുന്നത്.

നിലവില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പല സ്‌കീമുകളും അനിവാര്യമായിട്ടുള്ളവയല്ല. ഇന്ന് കൊവിഡ് കാലത്ത് കൂടുതല്‍ പണം മുടക്കേണ്ട മറ്റുപല സ്‌കീമുകളുമുണ്ട്. ആദ്യത്തേതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പണം രണ്ടാമത്തേതിലേയ്ക്ക് മാറ്റണം. ആസൂത്രണ ബോര്‍ഡ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതോടൊപ്പം ഇന്നത്തെ അസാധാരണ സാഹചര്യത്തില്‍ നമ്മുടെ പല പദ്ധതിയിതര ചെലവുകളും വെട്ടിക്കുറയ്ക്കുകയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്യണം. അതിനുള്ള നടപടികള്‍ ധനകാര്യ വകുപ്പ് സ്വീകരിച്ചു വരുന്നു. താമസിയാതെ അതിനുള്ള ഉത്തരവും ഇറങ്ങും. അതിനിടയില്‍ ഓഫീസുകളിലേയ്ക്ക് ടൗവ്വല്‍ വാങ്ങുന്നതിനും എയര്‍കണ്ടീഷന്‍ വാങ്ങുന്നതിനും നല്‍കിയ ഭരണാനുമതികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ധൂര്‍ത്താണെന്നു നിലവിളിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഇവയില്‍ പലതിനും ചെയ്തുകഴിഞ്ഞതിനുള്ള പണം അനുവദിക്കലാണ്. അല്ലെങ്കില്‍ പകര്‍ച്ചവ്യാധിക്കു മുന്നേ ഭരണാനുമതികള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചവയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും.

പക്ഷെ, ഇവയൊക്കെ ഉയര്‍ത്തി സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ യുഡിഎഫിന് എന്ത് അര്‍ഹത? ഉന്നയിക്കപ്പെട്ട ഓരോ പ്രശ്‌നങ്ങളിലും അവരുടെ ഭരണകാലത്ത് ഇന്നത്തേതിനേക്കാള്‍ വലിയ ചെലവുകള്‍ ഉണ്ടായിട്ടുണ്ട്. അവയൊന്ന് ചുരുക്കിപ്പറയാം.

1. എന്തിന് 496 പേഴ്‌സണല്‍ സ്റ്റാഫ് എന്നതാണ് ഒരു പ്രധാന ചോദ്യം. യുഡിഎഫ് കാലത്ത് 623 ആളുകളുണ്ടായിരുന്നു പേഴ്‌സണല്‍ സ്റ്റാഫില്‍.

2. ചികിത്സാ ചെലവുകളെക്കുറിച്ചാണ് രണ്ടാമത്തെ ട്രോള്‍. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ മൊത്തം ചികിത്സാ ചെലവ് 1.18 കോടി രൂപ. ഇതിനേക്കാള്‍ എത്രയോ കുറവാണ് എല്‍ഡിഎഫ് ഭരണകാലത്ത്.

3. ഹെലികോപ്ടര്‍ 1.80 കോടിക്ക് വാടകയ്ക്ക് എടുത്തൂവെന്ന് പറയുന്ന യുഡിഎഫ് 10 കോടി രൂപയ്ക്ക് ഒരിക്കലും പറക്കാത്ത വിമാനം വാങ്ങിയവരാണ്.

4. എന്തിന് കാബിനറ്റ് റാങ്ക്? കാബിനറ്റ് റാങ്ക് കൊടുത്തൂവെന്നു പറഞ്ഞ് ചെലവൊന്നും വര്‍ദ്ധിക്കുന്നില്ല. അതൊരു പദവി മാത്രമാണ്. ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കുള്ള ഒരു സ്ഥിരം പ്രതിനിധി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഫലപ്രദമായി ഇടപെടുന്നതിന് ആവശ്യമാണ്. മറ്റു പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത്തരം പദവിയുള്ളവര്‍ ഡല്‍ഹിയിലുണ്ട്.

5. ഉപദേശകരാണ് മറ്റൊരു മഹാഅപരാധം. ഉപദേശകര്‍ യുഡിഎഫ് ഭരണത്തില്‍ ഉണ്ടായിരുന്നില്ലേ? മുഖ്യമന്ത്രിയുടെ ഉപദേശകരെല്ലാം ശമ്പളം വാങ്ങുന്നവരല്ലായെന്നുകൂടി പറയട്ടെ.

6. പരസ്യം തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയാണ് മറ്റൊരു വിമര്‍ശനം. 158 കോടി രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ പിആര്‍ഡി വഴിയുള്ള പരസ്യങ്ങള്‍ക്കു മാത്രം ചെലവഴിച്ചിട്ടുള്ളത്.

ഇങ്ങനെ ഇനിയും പലതുമുണ്ട്. യുഡിഎഫ് ചെയ്തതെല്ലാം എല്‍ഡിഎഫിനുമാകാം എന്നല്ല വാദം. മേല്‍പ്പറഞ്ഞ ചെലവുകളെല്ലാം ഒരു പരിധിവരെ ഏതു സര്‍ക്കാരായാലും അനിവാര്യമാണ്. എല്‍ഡിഎഫ് ഭരണത്തില്‍ യുഡിഎഫിനെ അപേക്ഷിച്ച് ഇവയൊക്കെ താരമ്യേന കുറവാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇതിലൊക്കെ എന്ത് മിതത്വമാകാം എന്നതിനെക്കുറിച്ചും ആലോചിക്കാം. പക്ഷെ, മേല്‍പ്പറഞ്ഞ ധൂര്‍ത്തുകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് അടിസ്ഥാനമെന്നു പറഞ്ഞു കളയരുതേ... മേല്‍പ്പറഞ്ഞ ധൂര്‍ത്തുകളെല്ലാംകൂടി ചേര്‍ത്താലും കേരളത്തിന്റെ മൊത്തം ബജറ്റിന്റെ 0.1 ശതമാനംപോലും വരുമോ?

Related Stories

No stories found.
logo
The Cue
www.thecue.in