സെക്കന്‍ഡ് ഷോ അനുവദിക്കുന്നതില്‍ നിരന്തരം നിവേദനം നല്‍കിയിട്ടും മുഖ്യമന്ത്രിയില്‍ നിന്ന് നടപടിയുണ്ടായില്ല: ചലച്ചിത്ര സംഘടനകള്‍

സെക്കന്‍ഡ് ഷോ അനുവദിക്കുന്നതില്‍ നിരന്തരം നിവേദനം നല്‍കിയിട്ടും മുഖ്യമന്ത്രിയില്‍ നിന്ന് നടപടിയുണ്ടായില്ല: ചലച്ചിത്ര സംഘടനകള്‍
Published on

സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം സിനിമാ മേഖല നേരിടുന്ന രൂക്ഷപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ അടിയന്തര യോഗം. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് മൂന്നിന് യോഗം. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യവും, വിനോദ നികുതിയില്‍ ഇളവ് നീട്ടുന്ന കാര്യവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷന്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് മാര്‍ച്ച് മൂന്നിന് യോഗം. പത്ത് മാസത്തെ ലോക്ക് ഡൗണിന് ശേഷം സെക്കന്‍ഡ് ഷോ ഇല്ലാതെ തിയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തത് ഖേദകരമാണ്.

സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, ബിജു മേനോന്‍ പാര്‍വതി ചിത്രം ആര്‍ക്കറിയാം, പാര്‍വതി നായികയായ വര്‍ത്തമാനം, മോഹന്‍കുമാര്‍ ഫാന്‍സ്,മമ്മൂട്ടിയുടെ വണ്‍ എന്നീ സിനിമകളുടെ റിലീസ് അനിശ്ചിതാവസ്ഥയിലാണ്. കുടുംബ പ്രേക്ഷകര്‍ പ്രധാനമായും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്‍കി സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് തിയറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി.

തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ റിലീസിംഗ് തീരുമാനിച്ചിരിക്കുന്ന സിനിമകളുടെ റിലീസ് തീയതി മാറ്റേണ്ടി വരുമെന്ന് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്. തീയറ്റര്‍ വരുമാനത്തില്‍ നഷ്ടം നേരിടുന്നതിനാല്‍ നിര്‍മ്മാതാക്കളാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു മുഖ്യമന്ത്രിക്ക് ചേംബര്‍ കത്തയച്ചിട്ടുണ്ട്. തത്കാലം സെക്കന്‍ഡ് ഷോ അനുവദിക്കുവാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയുവാന്‍ സാധിച്ചതെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in