പെണ്‍കുട്ടികളെ അപമാനിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും, മതത്തെ വെറുക്കും; സമസ്തയ്‌ക്കെതിരെ ഫാത്തിമ തെഹ്‌ലിയ

പെണ്‍കുട്ടികളെ അപമാനിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും, മതത്തെ വെറുക്കും; സമസ്തയ്‌ക്കെതിരെ ഫാത്തിമ തെഹ്‌ലിയ
Published on

സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ.

തന്റേതായ പ്രതിഭകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് കൈയ്യടി നേടുന്ന ഒരുപാട് കുട്ടികളുണ്ട് സമൂഹത്തില്‍. അവരെയൊക്കെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. സമൂഹത്തില്‍ മുന്നോട്ട് വരുന്ന പെണ്‍കുട്ടികളുടെ കഴിവും നൈപുണ്യവും സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കണം എന്നും ഫാത്തിമ തെഹ്‌ലിയ.

അവരെ വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ഇത്തരം ദുരനുഭവം നേരിടുന്ന കുട്ടികള്‍ പിന്നീട് മതത്തേയും മത നേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയാണുണ്ടാവുക എന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.

മദ്രസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിപ്പിച്ചപ്പോഴാണ് അബ്ദുള്ള മുസ്ലിയാര്‍ വേദിയില്‍ പ്രകോപിതനായി സംസാരിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്തത്.

സമസ്തയുടെ തീരുമാനം അറിയില്ലേ, പത്താം ക്ലാസിലെ പെണ്‍കുട്ടികളെയൊന്നും സ്റ്റേജിലേക്ക് വിളിക്കണ്ട. കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നാണ് അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്. വീഡിയോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.

Related Stories

No stories found.
logo
The Cue
www.thecue.in