ഇടതുസര്‍ക്കാര്‍ കുട്ടികളില്‍ പുരോഗമന വാദം അടിച്ചേല്‍പ്പിക്കരുതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം.എസ്.എഫ് രംഗത്തത്തിയതില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ. ഇടത് സര്‍ക്കാരും സി.പി.എമ്മും അവര്‍ പുരോഗമനവാദികളാണെന്ന് കാണിക്കുന്നതിനായി എല്ലാ കാലത്തും ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിന് അപകടമുണ്ടാക്കുന്നതാണ്. കുട്ടികളുടെ മേല്‍ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പാന്റും ഷര്‍ട്ടും പുരുഷന്‍മാരുടെ വസ്ത്രമാണ്. പുരുഷാധിപത്യ മനോനിലയില്‍ നിന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം വരുന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ എന്നതിന്റെ പേരില്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുകയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു. കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുകയാണ് വേണ്ടത്. കുട്ടികള്‍ വ്യത്യസ്തരാണ്. ആ വൈവിധ്യങ്ങളോടെ അവരെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം തിരിച്ചറിയാനും സാമ്പത്തിക-സാമൂഹിക അവസ്ഥ മനസിലാകാതിരിക്കാനുമാണ് യൂണിഫോം. പാന്റും ഷര്‍ട്ടും ഭൂരിപക്ഷം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പുരുഷ കേന്ദ്രീകൃതമായ വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. എല്ലാവരെയും ഒരേപോലെ ആക്കുക എന്നതല്ല യൂണിഫോമിറ്റിയുടെ ലക്ഷ്യം. എല്ലാതരത്തിലേക്കുള്ള ആളുകളെയും ഒരേ തലത്തിലേക്ക് എത്തിക്കുക എന്നതാണ്. സ്ത്രീയായും പുരുഷനായും നിന്ന് കൊണ്ട് തുല്യ അവകാശങ്ങളോടെ ജീവിക്കാനുള്ള അവബോധം ഉണ്ടാക്കുകയാണ് വേണ്ടതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ഹയര്‍ സെക്കണ്ടറി തലത്തിലേക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പിലാക്കാന്‍ ആദ്യം തീരുമാനിച്ചത് കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് സ്‌കൂളായിരുന്നു.ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. പ്ലസ് വണ്‍ ക്ലാസിലെ കുട്ടികള്‍ക്ക് പാന്‍സും ഷര്‍ട്ടും നിശ്ചയിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാനതല പ്രഖ്യാപനം ഈ സ്‌കൂളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്താനിരിക്കെയാണ് പ്രതിഷേധവും വിമര്‍ശനവും ഉയരുന്നിരിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എം.എസ്.എഫും എസ്എസ്എഫും രംഗത്തെത്തി. തീരുമാനം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് കെ.എസ്.യുവും വ്യക്തമാക്കി.