‘എന്റെ പിറന്നാളിന് ഗിഫ്‌റ്റൊരുക്കി കാത്തിരിക്കുകയായിരുന്നു, കാണേണ്ടി വന്നത് വിഷത്താല്‍ നീലിച്ച് വെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ മോളെ’
വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇളയമ്മ ഫസ്‌ന ഫാത്തിമയുടെ ഹൃദയഭേദകമായ കുറിപ്പ്. ക്ലാസ് മുറിയിലെ പൊത്തില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ലയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്റര്‍ കൂടിയായ ഫസ്‌ന. നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മ്മാതാവ് എന്നിങ്ങനെയെല്ലാം മിടുക്കിയായിരുന്നു ഷഹ്‌ലയെന്ന് ഫസ്‌ന എഴുതുന്നു. എപ്പോഴും ചിരിക്കുന്ന പ്രകൃതം, കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ പിണക്കം മാറ്റുന്ന കുഞ്ഞാവയായിരുന്നു ഷഹ്‌ല.തന്റെ പിറന്നാളിന് എന്തോ ഗിഫ്‌റ്റൊരുക്കി കാത്തിരിക്കുകയായിരുന്നു, പക്ഷേ തിരക്കുകള്‍ കാരണം വയനാട് എത്താനായില്ല. ഒടുവില്‍ വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയുള്ള കാഴ്ചയാണ് കാണേണ്ടി വന്നതെന്നും ഫസ്‌ന കുറിക്കുന്നു. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ചികിത്സ വൈകിപ്പിച്ചതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കില്‍ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളില്‍ പിണക്കം മാറ്റുന്ന സാമര്‍ത്ഥ്യക്കാരി. നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാതാവ്... അങ്ങനെ പോവുന്നു ഞാന്‍ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.
എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാല്‍... അതിന്റെ എല്ലാ ലാളനയും അവള്‍ക്ക് കിട്ടിയിട്ടുണ്ട്. നിഷ്‌കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവള്‍ക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണര്‍ത്താന്‍ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാന്‍ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.
അശോക ഹോസ്പിറ്റലിലെ ലേബര്‍ റൂമിനു മുന്നില്‍ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്‌സുമാര്‍ നല്‍കിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവള്‍ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാന്‍ അവള്‍ക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവള്‍ക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോള്‍ ബീച്ച്, പാര്‍ക്ക് എന്നുവേണ്ട ഞങ്ങള്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവള്‍ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബര്‍ 11 ന് തിരിച്ചു പോകുമ്പോള്‍ ഹല്‍വയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സര്‍പ്രൈസ് ഗിഫ്‌റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താന്‍ പറ്റിയില്ല. എത്തിയതോ നവംബര്‍ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയില്‍ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാന്‍. ഓര്‍മയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങള്‍. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓര്‍മകളിലൂടെ...
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം