രാജ്യത്തെ നിയന്ത്രിക്കുന്ന ഫാസിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നുവെന്ന് രാഹുല്‍, ഭരണത്തിലുള്ളവര്‍ ആസൂത്രണം ചെയ്തതെന്ന് യെച്ചൂരി
ഫാസിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ മുഖംമൂടി ആക്രമണമെന്ന് രാഹുല്‍ ഗാന്ധി. ജെഎന്‍യു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ നിയന്ത്രണം കയ്യാളുന്ന ഫാസിസ്റ്റുകള്‍ ധീരരായ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ ഭയക്കുന്നു. അവര്‍ക്കുള്ള പേടിയുടെ പ്രതിഫലനമാണ് ജെഎന്‍യു അതിക്രമത്തിലൂടെ വ്യക്തമാകുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജ്യാധികാരം കയ്യാളുന്നവര്‍ നടപ്പാക്കിയ ആസൂത്രിത അക്രമണമാണ് ജെഎന്‍യുവിലേതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ജെഎന്‍യുവില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഹിന്ദുത്വ അജണ്ടയെ ജെഎന്‍യു ചെറുക്കുന്നതില്‍ പേടിയുള്ള ഭരണക്കാര്‍ നടത്തിയ ആസൂത്രിത അക്രമമാണിത്. മുഖംമൂടിയിട്ട അക്രമികള്‍ ജെഎന്‍യുവില്‍ പ്രവേശിക്കുമ്പോള്‍ നിയമപാലകര്‍ കാഴ്ചക്കാരായി. ഈ വീഡിയോയിലുള്ളതുപോലെ ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍ അവരെ വിജയിക്കാന്‍ അനുവദിക്കില്ല. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന്റെ തലപൊട്ടി ചോരയൊഴുകുന്ന വീഡിയോ ട്വീറ്റ് ചെയത് സീതാറാം ചെയ്യൂരി വ്യക്തമാക്കി.
അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് എന്തെടുക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ആക്രമണമാണിതെന്നും അദ്ദഹം പറഞ്ഞു. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ത്യന്‍ ജനാധിപത്യത്തെയോര്‍ത്ത് ലജ്ജിക്കുന്നതായും വ്യക്തമാക്കി. ഇത്ര ഹീനമായ പ്രവൃത്തിയെ വിവരിക്കാന്‍ വാക്കുകളില്ല. അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികക്കും പ്രക്ഷോഭരംഗത്തുള്ളവര്‍ക്കും അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.