ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍കരുടെ ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍കരുടെ ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Published on

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകരടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്.

വീഡിയോയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വാഹനം തട്ടി കര്‍ഷകര്‍ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാനാകുന്നുണ്ട്.

കേന്ദ്ര മന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകര്‍ക്ക് നേരെ പാഞ്ഞു കയറിയത് എന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

കര്‍ഷക സമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മിശ്രയുടെ സന്ദര്‍ശനം തടയാനായി ഒത്തുകൂടുകയായിരുന്നു കര്‍ഷകര്‍. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in