കോവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ ആസോസിയേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ച് നടൻ ഫർഹാൻ അക്തർ. പത്രക്കുറിപ്പ് എല്ലാവരും ഉറപ്പായും വായിച്ചിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. മുഴുവൻ ഇന്ത്യക്കാർക്കും വാക്സിനേഷൻ ഉറപ്പ് വരുത്തണമെങ്കിൽ ജിഡിപിയുടെ എട്ട് ശതമാനം മുതൽ പത്ത് ശതമാനം വരെയെങ്കിലും ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നാണ് പത്ര കുറിപ്പിലെ പ്രധാന നിർദേശം
ഫർഹാൻ അക്തറിന്റെ പ്രതികരണം
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പത്ര കുറിപ്പാണ്. ഇത് എല്ലാവരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും ആരോഗ്യ വകുപ്പിനുള്ള ബഡ്‌ജറ്റ് വർധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തിൽ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെ ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നും നിർദേശിക്കുന്നു. എങ്കിൽ മാത്രമേ മുഴുവൻ ഇന്ത്യക്കാർക്കും വാക്സിനേഷൻ ഉറപ്പാക്കുവാൻ സാധിക്കുകയുള്ളൂ.
മുന്നറിയിപ്പുകള്‍ അവഗണിച്ച് വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ചതിനും കൂടിച്ചേരലുകള്‍ നടത്തിയതിനും ഫർഹാൻ അക്തർ നേരത്തെയും കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു . കിന്റര്‍ഗാര്‍ഡനില്‍ മിഠായിക്കട തുറന്ന ശേഷം കുട്ടികള്‍ മിഠായി കഴിക്കുന്നതായി പഴിചാരാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഫര്‍ഹാന്‍ അക്തറിന്റെ വിമർശനം.