കഴിഞ്ഞ ദിവസം നടന്ന താരസംഘടന 'അമ്മ'യുടെ യോഗത്തില്‍ അംഗങ്ങള്‍ മാസ്‌ക് ധരിക്കാതെ എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന അധികൃതരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം സ്വദേശി.
മാസ്‌കിടാത്ത താരങ്ങളെ നോക്കി നിന്ന പൊലീസ് കാറില്‍ സഞ്ചരിച്ച തനിക്ക് മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന പേരില്‍ 500 രൂപ പിഴ ഈടാക്കിയതായി വിഷ്ണു എസ് നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അമ്മ ജനറല്‍ ബോഡി മീറ്റിങിന്റെ ചിത്രങ്ങളും, തനിക്ക് പെറ്റിയടിച്ച രസീതിന്റെ ചിത്രവും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.
'അമ്മ മീറ്റിങിന് വന്ന താര സുന്ദരിമാരും സുന്ദരന്മാരും, നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍. ഞാനും കുഞ്ഞും ഭാര്യയും വാഹനത്തില്‍ യാത്ര ചെയ്തപ്പോള്‍, ഞാന്‍ മാസ്‌ക് ശരിയായി വച്ചില്ല എന്ന കാരണത്താല്‍ വാഗമണ്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ 500 രൂപ പെറ്റി. ഗ്ലാസ് കയറ്റി ഇട്ട വാഹനത്തില്‍ മാസ്‌ക് ശരിയായി വെക്കാത്തതുമൂലം പകര്‍ച്ച വ്യാധി പകരും എന്നാണ് ചോദിച്ചപ്പോള്‍ കിട്ടിയ വിശദീകരണം. വല്ലാത്ത ഒരു വ്യാധിയെ', വിഷ്ണു എസ് നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിഷയത്തില്‍ നടപടി സ്വീകരിക്കാത്ത അധികൃതരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും നേരത്തെ രംഗത്തെത്തിയിരുന്നു. 'സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ', എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.
കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു ചിങ്ങം ഒന്നിന് സംഘടനയുടെ യോഗം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു താരങ്ങള്‍ ഒത്തുകൂടിയത്. സാമൂഹിക അകലം പാലിക്കാതെ താരങ്ങള്‍ ഉള്‍പ്പെടെ വേദിയില്‍ ഇരുന്നതും എറണാകുളം എം.പി ഹൈബി ഈഡന്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതുമെല്ലാം വിമര്‍ശനത്തിന് കാരണമായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന പൊലീസ് ഈ നിയമലംഘനം കണ്ടില്ലേ എന്ന് സോഷ്യല്‍ മീഡിയയിലു വിമര്‍ശനം ശക്തമായി. അമ്മ ഫെയ്സ്ബുക്ക് പേജില്‍ വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുന്ന പോസ്റ്റിന് കീഴിലും നിരവധി പേര്‍ കമന്റുമായി എത്തിയിരുന്നു.