'കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തിന് റിസല്‍റ്റ് ഉണ്ടായി, പെട്രോളിനും ഡീസലിനും വില കുറഞ്ഞു'; എറണാകുളം ഡിസിസി പ്രസിഡന്റ്

'കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തിന് റിസല്‍റ്റ് ഉണ്ടായി, പെട്രോളിനും ഡീസലിനും വില കുറഞ്ഞു'; എറണാകുളം ഡിസിസി പ്രസിഡന്റ്
Published on

ഇന്ധനവില കുറഞ്ഞത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരങ്ങളുടെ വിജയമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇന്ധനവില കുറയ്ക്കുന്നതിന് കഴിഞ്ഞ ആറ് മാസമായി കോണ്‍ഗ്രസ് സമരം ചെയ്യുകയാണെന്നും ഷിയാസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലായിരുന്നു പ്രതികരണം.

കോണ്‍ഗ്രസ് നടത്തിയത് ഒരു ജനാധിപത്യ സമരമായിരുന്നു. അതുകൊണ്ടൊരു റിസല്‍റ്റ് ഉണ്ടായി. പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ഞങ്ങള്‍ നടത്തിയ സമരവും ഇന്ധനവില കുറയുന്നതിന്റെ ഭാഗമായി. കഴിഞ്ഞ ആറ് മാസമായി കോണ്‍ഗ്രസ് സമരം ചെയ്യുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്നും ഷിയാസ് ആരോപിച്ചു. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് കോണ്‍ഗ്രസ് നേതാക്കള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കൈയില്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇതിനകം പുറത്തുവരുമായിരുന്നു. പകരം വാഹനത്തിന്റെ മുന്നില്‍ ഇരുന്ന ആളുകളുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത് ജോജുവിന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ മന്ത്രിയും സിപിഐഎം എംഎല്‍എമാരും വിഷയത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പില്‍ നിന്ന് ജോജുവിനെ പിന്‍മാറ്റുകയായിരുന്നുവെന്നും ഷിയാസ് ആരോപിച്ചു.

ഗതാഗതം മുടക്കിയുള്ള സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനയും മുഹമ്മദ് ഷിയാസ് തള്ളിയിരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സിനിമാ ചിത്രീകരണം തടസപ്പെടുത്തില്ലെന്നായിരുന്നു ഷിയാസ് പ്രതികരിച്ചത്. ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ അനുവദിക്കില്ലെന്നും അതിനെതിരെ പ്രതിഷേധിക്കുമെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയിറക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in