സിപിഐ മാര്‍ച്ചില്‍ പോലീസിന് വീഴ്ച പറ്റി; എം എല്‍ എയെ മര്‍ദിക്കുന്ന സാഹചര്യം ഒഴിവാക്കിയില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട്
എറണാകുളത്തെ സിപിഐ മാര്‍ച്ചില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ റിപ്പോര്‍ട്ട് . സിപിഐ പ്രവര്‍ത്തകരെ വ്യാപകമായി മര്‍ദിച്ചു. എം എല്‍എയെ മര്‍ദിക്കാനുള്ള സാഹചര്യം പോലീസ് ഒഴിവാക്കിയില്ല. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ വിളിക്കുന്നതിലും പോലീസ് വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര സെക്രട്ടറിയാമ് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി എടുത്തിരുന്നു. സെന്‍ട്രല്‍ എസ് ഐ വിബിന്‍ദാസാണ് മര്‍ദിച്ചതെന്നാരോപിച്ച എല്‍ദോ എബ്രഹാം ചിത്രവും പുറത്ത് വിട്ടിരുന്നു. സംസ്ഥാന നേതൃത്വം പരസ്യമായി പിന്തുണച്ചില്ലെന്നതും തര്‍ക്കത്തിനിടയാക്കിയിരുന്നു.
എല്‍ദോ എബ്രഹാം എംഎല്‍എ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. എംഎല്‍എക്ക് പരിക്ക് പറ്റിയിട്ട് തെളിവ് നല്‍കേണ്ടി വന്നുവെന്നായിരുന്നു എല്‍ദോ എബ്രഹാമിന്റെ പ്രതികരണം. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് പോലീസ് ആരോപിച്ചിരുന്നു. ഇടത് കൈക്ക് പരിക്കുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.
എറണാകുളം റേഞ്ച് ഡിഐജി ഓഫീസിലേക്കുള്ള മാര്‍ച്ചിലാണ് എല്‍ദോ എബ്രഹാം എല്‍എല്‍എ, ജില്ലാ സെക്രട്ടറി പി രാജു, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് കെ എന്‍ സുഗതന്‍ എന്നിവര്‍ക്ക് പരിക്കേറ്റത്. മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പോലീസിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിക്കുന്നതിനാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകേണ്ടി വരും.