കടല്‍ക്കൊല കേസ്: ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി, നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാനും നിര്‍ദേശം

കടല്‍ക്കൊല കേസ്: ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി, നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാനും നിര്‍ദേശം
Published on

എന്‍ റിക ലെക്‌സി കടല്‍ക്കൊലക്കേസില്‍ ഇന്ത്യക്ക് ഇറ്റലിയില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് രാജ്യാന്തര ട്രൈബ്യൂണലിന്റെ വിധി. മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് വിധിയില്‍ പറയുന്നുണ്ട്. നാവികര്‍ക്കെതിരായി ഇന്ത്യ എടുത്തിട്ടുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും വിധിയിലുണ്ട്.

ജീവഹാനി, ശാരീരിക ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തുക ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി തീരുമാനിക്കാം, അല്ലെങ്കില്‍ ട്രൈബ്യൂണല്‍ തീരുമാനിക്കും.

നാവികര്‍ക്കെതിരെ ഇറ്റലിയിലെ നടപടികള്‍ മതിയാകുമെന്നും കോടതി വിധിയില്‍ പറയുന്നു. പ്രതികളെ പിടികൂടിയതിലും കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നതിലും ഇന്ത്യയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ട്രൈബ്യൂണലിന്റേതാണ് വിധി.

2012 ഫെബ്രുവരി 15നായിരുന്നു ഇറ്റാലിയന്‍ കപ്പലായ എന്‍ റിക ലെക്‌സിയിലെ നാവികര്‍ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയത്. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് രാജ്യാന്തര ട്രൈബ്യൂണലിന്റെ വിധിയുണ്ടായിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in