തൊഴില്‍ അവസരങ്ങളില്ല ; പാര്‍ക്കിംഗ് അറ്റന്‍ഡര്‍മാരായി ജോലിയെടുത്ത് എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരികള്‍
തൊഴില്‍ അവസരങ്ങളില്ലാത്തതുമൂലം പാര്‍ക്കിംഗ് അറ്റന്‍ഡര്‍മാരായി ജോലിയെടുത്ത് ചെന്നൈയിലെ എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരികള്‍. ഉന്നത ബിരുദമുള്ള അന്‍പതോളം പേരാണ് ചെന്നൈ കോര്‍പ്പറേഷന്റെ സ്മാര്‍ട്ട് കാര്‍ പാര്‍ക്കിംഗ് ആപ്ലിക്കേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ കാര്‍ പാര്‍ക്കിംഗ് ക്രമീകരിക്കുകയാണ് ജോലി. പത്താം ക്ലാസ് യോഗ്യത മതിയായ തൊഴിലെടുക്കുന്നത് എഞ്ചിനീയര്‍മാരും എംബിഎക്കാരുമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 18,000 രൂപയാണ് കരാര്‍ ജോലിക്ക് ശമ്പളം. ചെന്നൈ കോര്‍പ്പറേഷന്‍ ഒരു സ്വകാര്യ കമ്പനിക്ക് പുറംകരാര്‍ നല്‍കുകയായിരുന്നു.
50 ഒഴിവുകളിലേക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള 1500 ഓളം പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്നാണ് 50 പേരെ തെരഞ്ഞെടുത്തത്. പത്താംക്ലാസ് യോഗ്യതയുള്ളവരേക്കാള്‍ തങ്ങള്‍ക്ക് ഈ ജോലി എളുപ്പം ചെയ്യാനാകുമെന്ന് ആദിത്യയെന്ന എഞ്ചിനീയറിംഗ് ബിരുദധാരി പറയുന്നു. ആപ്ലിക്കേഷന്റെ വിശദാംശങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തങ്ങള്‍ക്ക് കാറുടമകളെ എളുപ്പം മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്നുണ്ടെന്നാണ് ആദിത്യ പറയുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കമ്പനി പൂട്ടിപ്പോയതുമൂലം അതിനെ അപേക്ഷിച്ച് പകുതി ശമ്പളത്തില്‍ ഇവിടെ ഈ ജോലി ചെയ്യേണ്ടി വരാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് രാജേഷ് എന്ന എംബിഎ ബിരുദധാരി.
അവസരങ്ങള്‍ കുറഞ്ഞതുമൂലം പതിനായിരത്തില്‍ കുറവ് ശമ്പളത്തിന് പോലും തൊഴിലെടുക്കാന്‍ എംബിഎ ബിരുദധാരികള്‍ തയ്യാറാണെന്ന് രാജേഷ് പറയുന്നു. എഞ്ചിനീയറിംഗ്, എംബിഎ പോലുള്ള ബിരുദങ്ങളുള്ള 4600 പേരാണ് കഴിഞ്ഞവര്‍ഷം തമിഴ്‌നാട് നിയമസഭയിലെ 14 സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ മന്ത്രി ഡി ജയകുമാര്‍ അത് നിഷധിക്കുകയാണുണ്ടായത്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയാണ് വേണ്ടതെന്നും മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കാനാകുമോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.