സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആണ് സമീപിക്കുകയെന്നും ഇ.ഡി എറണാകുളം ജില്ലാ കോടതിയില്‍ രേഖാമൂലം അറിയിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഏജന്‍സിക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനമില്ല. സുരക്ഷ ആവശ്യമുള്ളപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലും സംസ്ഥാന സര്‍ക്കാരിനെയാണ് സമീപിക്കാറുള്ളത്. സംസ്ഥാന സര്‍ക്കാറിനെ വിശ്വാസമില്ലെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യം അറിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ കക്ഷിയല്ല, അതുകൊണ്ട് തന്നെ കേന്ദ്ര സുരക്ഷ നല്‍കാനാവില്ല എന്നാണ് ഇ.ഡി. എറണാകുളം ജില്ലാ കോടതിയെ അറിയിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കുമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞു.
തനിക്ക് കേന്ദ്ര സുരക്ഷ ആവശ്യമാണെന്ന് കാണിച്ചാണ് സ്വപ്‌ന സുരേഷ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേന്ദ്ര ഏജന്‍സിയായ ഇ.ഡി. സുരക്ഷ നല്‍കണം എന്നായിരുന്നു ഹര്‍ജി. ആദ്യം സംസ്ഥാന പൊലീസിന്റെ സുരക്ഷ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പിന്നീട് കേന്ദ്ര സുരക്ഷ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
രഹസ്യ മൊഴി നല്‍കിയതിന് ശേഷം വലിയ തോതിലുള്ള ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നാണ് സ്വപ്‌ന അറിയിച്ചത്. സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള ഭീഷണിയുണ്ട്.ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സ്വപ്ന ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന പൊലീസില്‍ നിന്നുള്ള സുരക്ഷ എത്രമാത്രം ഗുണകരമായിരിക്കുമെന്ന് അറിയില്ലെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ നേരത്തെ അറിയിച്ചത്.