കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിസിനസ് സംരംഭങ്ങള്‍ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതെ കോടികള്‍ ഒഴുക്കിയെന്നും കോടതിയില്‍ ഇ.ഡി വാദിച്ചു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്. ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനികുട്ടന്‍, സുഹൃത്ത് അരുണ്‍ എന്നിവര്‍ അന്വേഷണവുമായി സഹകരിക്കാത്തതില്‍ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഗള്‍ഫില്‍ പോയി വിവിധ ബിസിനസുകള്‍ ചെയ്ത് നിയമപരമായാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരിയുടെ വാദമെങ്കിലും ഇതിനൊന്നും തെളിവോ, രേഖകളോ സമര്‍പ്പിക്കാന്‍ ബിനീഷിന് കഴിഞ്ഞില്ലെന്നും ഇ.ഡി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം ജൂലൈ മാസം പൂര്‍ത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പ്രതിചേര്‍ക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമായിരുന്നു ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.