‘ജനങ്ങളുടെ ഹൃദയം നേടുന്നതില്‍ നിങ്ങളെന്നേ ജയിച്ചു’, രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍; ബിജെപിയുടെ കുരുക്കില്‍ വീഴരുതെന്ന് ലാലു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കള്‍. രാഹുല്‍ ഗാന്ധിക്കൊപ്പം എല്ലാ ഘട്ടങ്ങളിലും ഉറച്ചുനിന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് രാജി തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റെങ്കിലും ജനങ്ങളുടെ ഹൃദയം നേടുന്നതില്‍ രാഹുല്‍ വിജയിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
താങ്കളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും നിങ്ങള്‍ ഇന്ത്യക്കാരുടെ ഹൃദയം ജയിച്ച നേതാവാണ്. അതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം.
എംകെ സ്റ്റാലിന്‍
ബിജെപിയുടെ കുരുക്കില്‍ വീഴരുതെന്നാണ് രാജി തീരുമാനത്തെ എതിര്‍ത്ത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. ഇപ്പോള്‍ രാജിവെയ്ക്കുന്നത് ബിജെപിയുടെ കെണിയില്‍ അകപ്പെടുന്നതിന് തുല്യമാണെന്നാണ് മുതിര്‍ന്ന നേതാവിന്റെ പക്ഷം.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും രാഹുല്‍ ഗാന്ധിയോട് ഇപ്പോള്‍ ഇത്തരത്തില്‍ തിരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് ആവശ്യം ഉന്നയിക്കാനാണ് കുമാരസ്വാമിയുടെ ശ്രമം. നാളെ രാഹുല്‍ ഗാന്ധിയെ കാണുമെന്നും തീരുമാനം ശരിയല്ലെന്ന് അറിയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ തോല്‍പ്പിച്ചാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്താങ്ങുമെന്ന് നേരത്തെ കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തില്‍ രാഹുല്‍ ഗാന്ധി സ്റ്റാലിനെ അഭിനന്ദിച്ചു. ആകെയുള്ള 38 ലോക്സഭാ സീറ്റുകളില്‍ 37 എണ്ണത്തിലും ഡിഎംകെ കോണ്‍ഗ്രസ് സഖ്യം വിജയിച്ചുകയറിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ സോണിയ ഗാന്ധിയുമായും സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു.
തമിഴ്നാട്ടിലെ സൂപ്പര്‍താരം രജനികാന്തും രാഹുലിനോട് പദവി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ഉറച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും തന്നെ കൊണ്ട് എന്തും ചെയ്യാനാകുമെന്ന് തെളിയിച്ചു കാണിക്കുകയാണ് വേണ്ടതെന്നും രജനീകാന്ത് പറഞ്ഞു.