എന്തുകൊണ്ട് നമ്മള്‍ തോറ്റു? ‘കോരിവച്ച വെള്ളം കോണ്‍ഗ്രസ്‌കൊണ്ട് പോയി’ ; തോല്‍വിയെക്കുറിച്ചുള്ള നേതാക്കളുടെ കണ്ടെത്തലുകള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലാകെ നേട്ടം കൊയ്തുവെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഇത്തവണയും ബിജെപിയ്ക്കായിട്ടില്ല. ശബരിമല വിഷയമുയര്‍ത്തി മുന്നേറ്റമുണ്ടാക്കാമെന്ന കരുതിയിരുന്ന സാഹചര്യത്തില്‍ പോലും പ്രതീക്ഷ വച്ചിരുന്ന തിരുവനന്തപുരവും പത്തനംതിട്ടയും നേടാന്‍ പാര്‍ട്ടിക്കായില്ല. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമാണ് ബിജെപിയ്ക്ക് ആശ്വാസം.
മികച്ച വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇടതുപക്ഷം നേരിട്ടതും അപ്രതീക്ഷിത തോല്‍വിയാണ്. ഉറച്ച കോട്ടകളില്‍ വരെ വരാജയം നേരിട്ടപ്പോള്‍ ആശ്വാസമായത് ആലപ്പുഴ മാത്രമാണ്. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിനെ കുറിച്ച് വിവിധ തരത്തിലാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കുന്നത്.
ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ശബരിമല വിഷയമടക്കം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുവെന്നാണ് ബിജെപി ആരോപണം. ഫലത്തിന്റെ മറ്റ് വിശദാംശങ്ങളെല്ലാം മണ്ഡലം-ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നാണ് സിപിഐഎം അറിയിച്ചിരിക്കുന്നത്.
പ്രധാന നേതാക്കളുടെ തോല്‍വിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍
എന്‍ഡിഎ യുടെ ചരിത്രത്തിലെ മികച്ച വിജയമാണ് നേടിയിരിക്കുന്നതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. സീറ്റ് കിട്ടിയില്ലെങ്കിലും 2014ലേക്കാള്‍ ജനങ്ങളുടെ വിശ്വാസം കൂടുതല്‍ അര്‍പ്പിക്കപ്പെട്ടുവെന്നത് അംഗീകാരമാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു
യുഡിഎഫ് എക്കാലത്തും വര്‍ഗീയ- ജാതീയ പ്രീണനം നടത്തി. ആ പ്രീണനം കൊണ്ട് ജയിക്കുന്നതാണ് യുഡിഎഫിന്റെ ചരിത്രം
ശ്രീധരന്‍ പിള്ള
എല്‍ഡിഎഫിനുണ്ടായ തിരിച്ചടി പാര്‍ടിയും എല്‍ഡിഎഫും പരിശോധിക്കുമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. കേരളത്തിലെ പ്രചരണത്തില്‍ എല്‍ഡിഎഫ് മുഖ്യമായും കേന്ദ്രീകരിച്ചത് ബിജെപി ഭരണം അവസാനിപ്പിക്കണമെന്നതിലാണ്. എന്നാല്‍ അതിന്റെ ഗുണം യുഡിഎഫിന് അനുകൂലമായി വന്നുവെന്നും കോടിയേരി പറഞ്ഞു.
മോഡി ഭരണത്തില്‍ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ യുഡിഎഫിന് വോട്ട് ചെയ്തു. 2004ല്‍ എല്‍ഡിഎഫിനൊപ്പം നിന്ന തരംഗം ഇത്തവണ യുഡിഎഫിന് അനുകൂലമായി. ന്യൂനപക്ഷവോട്ടുകള്‍ ഗണ്യമായി സ്വാധീനിക്കാന്‍ യുഡിഎഫിനായി. സംഘടനാപരമായി എന്തെങ്കിലും പ്രശ്നം എല്‍ഡിഎഫിനെ ബാധിച്ചതായി പറയാനാകില്ല.
കോടിയേരി ബാലകൃഷ്ണന്‍
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’
ബി ഗോപാലകൃഷ്ണന്‍
കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചരണങ്ങള്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ വലിയ അളവോളം വിജയം കണ്ടുവെന്ന് വി മുരളീധരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഐഎം നിലപാടിനോടുള്ള അമര്‍ഷം ഈ സര്‍ക്കാറിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് രേഖപ്പെടുത്തേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചപ്പോള്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് അവര്‍ പ്രാധാന്യം നല്‍കിയതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ടെന്ന് എസ്ഡിപിഐ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ള മുസ്ലീങ്ങളുടെ കേന്ദ്രീകരണം യുഡിഎഫിന് അനുകൂലമായി.
വി മുരളീധരന്‍