ഏഷ്യാനെറ്റിനോട് വീണാ ജോര്‍ജ്ജ്: നിങ്ങളുടെ ഉഡായിപ്പ് വിലപ്പോകില്ല, ആറന്മുളയില്‍ എന്നെ ഇറങ്ങിത്തോല്‍പ്പിക്കുമെന്ന് പറഞ്ഞ ചാനലാണ്
മലയാളത്തിലെ മൂന്ന് ചാനലുകളുടെ അവരുടെ അഭിപ്രായ സര്‍വേകള്‍ പുറത്തുവിട്ടതിന് പിന്നാലെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേശീയ ശ്രദ്ധ നേടിയ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 37 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 35 ശതമാനവും എല്‍ഡിഎഫിന്റെ വീണാ ജോര്‍ജ്ജ് 20 ശതമാനവും വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ്- എ ഇസഡ് റിസര്‍ച്ച് പാര്‍ട്ണര്‍ സര്‍വേ അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സര്‍വേയോട് പ്രചരണ യോഗത്തിനിടെ വീണാ ജോര്‍ജ്ജ് പ്രതികരിച്ചു. ഏഷ്യാനെറ്റിനെ നിശിതമായി വിമര്‍ശിച്ചാണ് വീണയുടെ പ്രതികരണം. ആറന്‍മുള മണ്ഡലത്തില്‍ നേടിയ അട്ടിമറി ജയം ചൂണ്ടിക്കാട്ടിയാണ് വീണ മറുപടി നല്‍കുന്നത്.
‘’ആറന്‍മുള നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ ഇറങ്ങിത്തോല്‍പ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ്, പക്ഷേ ആറന്‍മുളയിലെ ജനങ്ങള്‍ അവരെ ഉള്‍പ്പെടെ തോല്‍പ്പിച്ചു. ഏഴായിരത്തി അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചരിത്രഭൂരിപക്ഷത്തിന്. ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ ഏഷ്യാനെറ്റിന്റെ ആളുകളോട്, പത്രാധിപരോട് അവരുടെ പത്രാധിപസമിതിയോട് ചോദിക്കുന്നത്, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായമാണെന്ന് പറയൂ. നിങ്ങള്‍ ഇത് ചെങ്ങന്നൂരില്‍ പറഞ്ഞു, ആറന്‍മുളയില്‍ പറഞ്ഞു. 2016ല്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലായെന്നും യുഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും നിങ്ങള്‍ പറഞ്ഞു. നിങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ചു. എഴുപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഇവിടെ വിജയിച്ചിരിക്കും. നിങ്ങളുടെ ഉഡായിപ്പ് ഇവിടെ വിലപ്പോകില്ല. യുപിയില്‍ ആജ്തക്കിനെ കൂട്ടുപിടിച്ച് ബിജെപി ഇത് ചെയ്തതാണ്. ഉത്തര്‍പ്രദേശിലെ അതേ തന്ത്രം കേരളത്തില്‍ അവര്‍ പ്രയോഗിക്കുകയാണ്. നിങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം പറയൂ. നമ്മള്‍ കമ്യൂണിസ്റ്റുകാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നിങ്ങള്‍ക്ക് അറിഞ്ഞുകൂടായെന്ന് ഏഷ്യാനെറ്റിനോട് ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
വീണാ ജോര്‍ജ്ജ് /പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്
മലപ്പുറം മണ്ഡലത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങുമെന്ന് ഏഷ്യാനെറ്റ് പ്രവചിച്ച വിപി സാനുവും സര്‍വേക്കെതിരെ ആഞ്ഞടിച്ചിരുന്നു. തട്ടിക്കൂട്ട് സര്‍വേ ഈ ചാനലിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നായിരുന്നു സാനുവിന്റെ പ്രതികരണം.
എംജി രാധാകൃഷ്ണനെ പോലെ ഒരാള്, അദ്ദേഹമൊക്കെ ഞങ്ങള്‍ക്ക് കുറച്ച് ബഹുമാനമുള്ള പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമൊക്കെ വസ്തുതകള്‍ മനസിലാക്കാതെ പറഞ്ഞതായിരിക്കും. എന്തായാലും അദ്ദേഹത്തിന്റെ അനുശോചനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. മേയ് മാസം 23ന് ഇതിന് ഞാന്‍ മറുപടി പറയാം. അതായിരിക്കും നല്ലത്.
വിപി സാനു
യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് 52 ശതമാനം വോട്ടും, വി പി സാനുവിന് 29 ശതമാനം വോട്ടും എന്‍ഡിഎയിലെ വി ഉണ്ണിക്കൃഷ്ണന് 15 ശതമാനം വോട്ടുകളും ലഭിക്കുമെന്നായിരുന്നു ഏഷ്യാനെറ്റ് സര്‍വേ. മലപ്പുറം സര്‍വേ ഫലം പ്രഖ്യാപിക്കുന്നതിനിടെ ചാനല്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ നടത്തിയ പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മലപ്പുറം മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങാനിരിക്കുന്ന വി പി സാനുവിന് അനുശോചനങ്ങള്‍ എന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വേ ചര്‍ച്ചയില്‍ പറഞ്ഞ ചാനല്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണനുള്ള മറുപടിയും സാനു പറയുന്നു.