സിപിഎമ്മിനെ തുടച്ചുനീക്കാന്‍ യുഡിഎഫിന് വോട്ട് മറിച്ച് ബിജെപി കേഡര്‍; 14 മണ്ഡലങ്ങളില്‍ നടപ്പാക്കിയത് ആര്‍എസ്എസിന്റെ ദീര്‍ഘകാല പദ്ധതി

സിപിഎമ്മിനെ തുടച്ചുനീക്കാന്‍ യുഡിഎഫിന് വോട്ട് മറിച്ച് ബിജെപി കേഡര്‍; 14 മണ്ഡലങ്ങളില്‍ നടപ്പാക്കിയത് ആര്‍എസ്എസിന്റെ ദീര്‍ഘകാല പദ്ധതി

Published on
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള സംഘപരിവാര്‍ തന്ത്രം.

സിപിഎമ്മിനെ തുടച്ചുനീക്കാന്‍ വലിയൊരു ശതമാനം സംഘപരിവാര്‍ കേഡര്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. കടുത്ത മല്‍സരം നടന്ന സംഘപരിവാറിന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഒഴിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ എന്തിനും പോന്ന അനുകൂലികളെ ബിജെപി സജ്ജമാക്കിയിരുന്നെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം ഇല്ലാതായാല്‍ മാത്രമേ കേരളം കീഴടക്കാന്‍ കാവിക്കൊടിക്ക് കഴിയുകയുള്ളുവെന്ന സംഘപരിവാര്‍ രാഷ്ട്രീയ ബോധ്യമാണ് യുഡിഎഫിന് വോട്ട് മറിക്കാന്‍ കാരണം.

കേരളത്തിലെ സിപിഎം സ്വാധീനം കുറഞ്ഞാല്‍ മാത്രമേ ശക്തമായി വളരാന്‍ സാധിക്കുകയുള്ളൂ, ഇതിനായി സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് വഴിയൊരുക്കുക എന്ന ആര്‍എസ്എസിന്റേയും സംഘപരിവാറിന്റേയും ദീര്‍ഘകാല പദ്ധതിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പാര്‍ട്ടി കേഡര്‍ നടപ്പാക്കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള പദ്ധതിയാണിത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍ എന്നിങ്ങനെ ബിജെപിയുടെ പ്രസ്റ്റീജിയസ് നേതാക്കള്‍ മല്‍സരിക്കുകയും വിജയ സാധ്യത കണക്കുകൂട്ടിുകയും ചെയ്ത മണ്ഡലങ്ങല്‍ ഒഴിച്ചാണ് വോട്ടുമറിച്ചത്. മുസ്ലീം ലീഗ് മല്‍സരിക്കുന്ന മലപ്പുറം, പൊന്നാനി എന്നീ രണ്ട് മണ്ഡലങ്ങളിലും ശക്തമായി തന്നെ മല്‍സരിച്ച ബിജെപി കേഡറുകള്‍ മറ്റ് 14 ലോക്സഭ മണ്ഡലങ്ങളിലാണ് യുഡിഎഫിന് വോട്ട് ചെയതത്.

എ പ്ലസ് മണ്ഡലങ്ങളെന്നാണ് കുമ്മനവും, കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും മല്‍സരിച്ച മണ്ഡലങ്ങളെ ബിജെപി വിലയിരുത്തിയത്. ഈ മണ്ഡലങ്ങളിലും മുസ്ലീം ലീഗ് മല്‍സരിക്കുന്ന മണ്ഡലങ്ങളിലും മാത്രമേ പാര്‍ട്ടി വോട്ടുകളും അധികം വോട്ടുകളും പിടിക്കാനുള്ള തീരുമാനം സംഘപരിവാര്‍ എടുത്തിരുന്നുള്ളൂ. മറ്റ് 14 മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ വിശ്വസ്തരായ അണികളോട് യുഡിഎഫിന് വോട്ട് ചെയ്യാനാണ് ബിജെപി കേഡര്‍ നിര്‍ദേശിച്ചത്. അവരുടെ കുടുംബങ്ങളുടേയും വോട്ടുകള്‍ യുഡിഎഫിന് തന്നെ കുത്താന്‍ നേതൃത്വം ആവശ്യപ്പെട്ടന്ന് ദ ഹിന്ദു സംഘപരിവാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് മണ്ഡലങ്ങളിലേക്ക് സംഘടന സംവിധാനങ്ങള്‍ കേന്ദ്രീകരിച്ച സംഘപരിവാര്‍ ശബരിമല വിഷയത്തില്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുമെന്നും സംഘം കരുതി. ആറ്റിങ്ങലും തൃശൂരും ശക്തമായി മല്‍സരം കാഴ്ചവെച്ച് വോട്ട് ശതമാനം ഉയര്‍ത്തുകയായിരുന്നു ലക്ഷ്യംവെച്ചത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് സംഭവിച്ച പരാജയം ബിജെപിയേയും ആര്‍എസ്എസിനേയും അകറ്റുകയും പരസ്പരം പഴി ചാരാന്‍ തുടങ്ങുകയും ചെയ്തു. പ്രചാരണത്തില്‍ ആവശ്യമില്ലാതെ ഇടപെടുകയും ആര്‍എസ്എസ് പ്രതീക്ഷകള്‍ തകിടം മറിക്കുകയും ചെയ്‌തെന്നാണ് ബിജെപി ആക്ഷേപം. പാര്‍ട്ടി അണികള്‍ക്ക് ഇടയില്‍ സംസാരമായതോടെ ദേശീയ നേതൃത്വത്തെ വിവരം ധരിപ്പിക്കാ്ന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍

കേരളത്തില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുപിടിച്ച് പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തി പാര്‍ട്ടി സംവിധാനത്തെ ശക്തമാക്കാനാണ് ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ പദ്ധതി ആവര്‍ത്തിക്കാനാണ് സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്യുകയുമാണ് പദ്ധതി.

സിപിഎമ്മിനെ ദുര്‍ബലപ്പെടുത്തി യുഡിഎഫിന് താല്‍ക്കാലിക വിജയം നല്‍കി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മലയാള മണ്ണില്‍ വേരുറപ്പിക്കുകയാണ് സംഘപരിവാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന തന്ത്രം. ശബരിമല പാര്‍ട്ടിക്ക് ഗുണം ചെയ്‌തോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സംശയമുള്ളപ്പോഴും സംഘപരിവാറിന്റെ ദേശീയ നേതൃത്വം ശബരിമല പ്രക്ഷോഭം വിജയമാണെന്നാണ് വിലയിരുത്തുന്നത്.

സിപിഎമ്മിന് എതിരായ വികാരമുണ്ടാക്കിയെടുക്കാന്‍ ശബരിമല പ്രക്ഷോഭം തുണച്ചെന്ന് ആര്‍എസ്എസ് കരുതുന്നു. ഇടത് മുന്നണിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഹിന്ദുക്കള്‍ക്ക് എതിരാണെന്ന് സമര്‍ദ്ദിക്കാന്‍ ശബരിമല പ്രക്ഷോഭം സംഘപരിവാറിന് ഗുണം ചെയ്‌തെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് കേരളത്തില്‍ ഇടം നേടാന്‍ പാര്‍ട്ടിയെ തുണയ്ക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. ഇതിനെല്ലാം സഹായകമായത് തങ്ങളുടെ ജനം ചാനലാണെന്നും കാവി സംഘടന കരുതുന്നു. തങ്ങള്‍ ലക്ഷ്യംവെയ്ക്കുന്ന മധ്യവര്‍ഗ ഹിന്ദു പ്രേക്ഷകരിലേക്ക് ജനം ചാനലിന് കടന്നുചെല്ലാനായെന്നും ഇത് പാര്‍ട്ടിക്ക് ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായകമാകുമെന്നുമാണ് വിലയിരുത്തല്‍.

logo
The Cue
www.thecue.in